വിലയേറിയ വസ്തുക്കളും സ്വർണാഭരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ ഒട്ടുമിക്കവരും ആശ്രയിക്കുന്നത് ബാങ്ക് ലോക്കറുകളെയാണ്. എന്നാൽ ഇഷ്ടമുള്ള ഏത് വസ്തുവും ലോക്കറിനുള്ളിൽ സൂക്ഷിക്കാൻ കഴിയില്ല. ഇതിനായി ബാങ്കുകളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (ആർ.ബി.ഐ) കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമവിരുദ്ധമോ അപകടസാധ്യതയുള്ളതോ ആയ വസ്തുക്കൾ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാൻ ആർ.ബി.ഐ അനുവദിക്കുന്നില്ല.
എന്തൊക്കെ സൂക്ഷിക്കാം, എന്തൊക്കെ പാടില്ല?
സ്വർണാഭരണങ്ങൾ, പ്രധാനപ്പെട്ട വ്യക്തിഗത രേഖകൾ, അപൂർവവും ശേഖരണ മൂല്യമുള്ളതുമായ വസ്തുക്കൾ എന്നിവ ബാങ്ക് ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്.
എന്നാൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ, മയക്കുമരുന്നുകൾ, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ, ബാങ്കിന്റെ ലോക്കർ കരാറിന് വിരുദ്ധമായ സാധനങ്ങൾ എന്നിവ ഒരു കാരണവശാലും ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല. ഇവ സൂക്ഷിക്കുന്നത് ഗുരുതരമായ നിയമനടപടികൾക്ക് കാരണമായേക്കാം.
ലോക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
- രേഖകളും ഫോട്ടോകളും സൂക്ഷിക്കുക: ലോക്കറിൽ വെക്കുന്ന ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും ഫോട്ടോകളും കൃത്യമായ വിവരങ്ങളും സ്വന്തം കൈവശം സൂക്ഷിക്കുക.
- ബില്ലുകൾ കൈവശം വെക്കുക: ആഭരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും അനുബന്ധ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്.
- നോമിനിയെ ചേർക്കുക: ലോക്കറിന് കൃത്യമായി ഒരു നോമിനിയെ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- വാടക കൃത്യമായി അടയ്ക്കുക: ലോക്കർ വാടക മുടക്കമില്ലാതെ കൃത്യസമയത്ത് അടയ്ക്കുക.
- പ്രത്യേക ഇൻഷുറൻസ് പരിഗണിക്കുക: ലോക്കറിലെ വസ്തുക്കൾക്ക് ബാങ്ക് സ്വമേധയാ ഇൻഷുറൻസ് പരിരക്ഷ നൽകുന്നില്ല. അതിനാൽ വിലപിടിപ്പുള്ള വസ്തുക്കൾക്കായി പ്രത്യേക ഇൻഷുറൻസ് എടുക്കുന്നത് പരിഗണിക്കാവുന്നതാണ്.
- കരാർ വായിച്ചു മനസ്സിലാക്കുക: ലോക്കർ കരാറിലെ നിബന്ധനകൾ പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വസ്തുക്കൾ സൂക്ഷിക്കുക.




+ There are no comments
Add yours