‘ഗൂഢാലോചന സിദ്ധാന്തം ചാർത്താൻ ശ്രമിച്ചത് ഇപ്പോൾ ബി.ജെ.പിക്കാരനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ; ജഡ്ജി മോശം പരാമർശം നടത്തി’: അരിയിൽ ഷുക്കൂർ കേസിൽ പ്രതികരിച്ച് പി. ജയരാജൻ

Estimated read time 1 min read

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ തങ്ങളെയും ടി.വി. രാജേഷിനെയും പ്രതിചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ. മുസ്ലിം ലീഗിന്റെയും അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെയും കള്ളക്കേസിനും പ്രചാരണങ്ങൾക്കും കോടതി വിധിയോടെ വിരാമമായിരിക്കുകയാണ്. പോലീസിനെ പാവകളാക്കി നിർത്തിയാണ് അന്ന് തങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗൂഢാലോചന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം

2012-ൽ അരിയിൽ പ്രദേശത്ത് ലീഗ് കടുത്ത ആക്രമണങ്ങളും ഏകാധിപത്യ രീതികളുമാണ് തുടർന്നുവന്നതെന്ന് പി. ജയരാജൻ പറഞ്ഞു. കോൺഗ്രസിന് പോലും അവിടെ ഒരു കൊടികെട്ടാൻ കഴിയാത്ത സാഹചര്യമായിരുന്നു. സി.പി.ഐ.എം പാർട്ടി ഓഫീസുകളിൽ പച്ച പെയിന്റടിക്കുകയും ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അക്രമിക്കപ്പെട്ട പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും സന്ദർശിക്കാനാണ് താനും അന്ന് കല്യാശ്ശേരി എം.എൽ.എയായിരുന്ന ടി.വി. രാജേഷും അരിയിലെത്തിയത്. എന്നാൽ തങ്ങൾ സഞ്ചരിച്ച വാഹനത്തിന് നേരെ ലീഗ് പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്.

അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെയും ലീഗ് നേതൃത്വത്തിന്റെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസും, പിൽക്കാലത്ത് ബി.ജെ.പിയിൽ ചേർന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും ചേർന്ന് ആശുപത്രി മുറിയിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സിദ്ധാന്തം കെട്ടിച്ചമച്ചതെന്ന് ജയരാജൻ ആരോപിച്ചു. തളിപ്പറമ്പിൽ ലീഗിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ട് താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് കള്ളസാക്ഷി മൊഴികൾ ഉണ്ടാക്കാനും ശ്രമം നടന്നു.

‘ജഡ്ജി മോശം പരാമർശം നടത്തി; ഒടുവിൽ സത്യം തെളിഞ്ഞു’

അന്ന് കേസ് പരിഗണിച്ച ജഡ്ജി തങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്നും, ആ ബെഞ്ചാണ് കേസ് സി.ബി.ഐക്ക് കൈമാറിയതെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.ഐ.എമ്മിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ബി.ഐ അന്വേഷണം നടത്തുകയും തങ്ങളെയും ടി.വി. രാജേഷിനെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. എന്നാൽ പതിറ്റാണ്ടുകളോളം നീണ്ട രാഷ്ട്രീയ വേട്ടയാടലിനൊടുവിൽ ഇപ്പോൾ സത്യം തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours