കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.എം. ഷാജി. കടുത്ത വെല്ലുവിളികളും ഭീഷണികളും മറികടന്നാണ് സാക്ഷികളെ കോടതിയിൽ എത്തിച്ചതെന്നും, അവസാനത്തെ സാക്ഷിയെപ്പോലും ഹാജരാക്കാൻ ഗൾഫിൽ നിന്നുൾപ്പെടെ ആളുകളെ എത്തിച്ച് തീവ്രയജ്ഞം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ സാക്ഷി പറയുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. സാക്ഷി പറയേണ്ട ഘട്ടമാകുമ്പോൾ ആളുകളെ കാണാതാകുന്നതും വീടുകളിലും പരിസരങ്ങളിലും ചെന്ന് ഭീഷണിപ്പെടുത്തുന്നതും അവിടെ പതിവാണ്. ഈ കേസിലും സമാനമായ ഭീഷണികൾ ഉണ്ടായതിനാൽ ചില സാക്ഷികൾക്ക് എത്താനായില്ല. പ്രതികളുടെ കുടുംബങ്ങളിൽ ആത്മഹത്യകൾ പോലുമുണ്ടായി. കേസ് സി.ബി.ഐയ്ക്ക് മുന്നിൽ എത്തിക്കുന്നതിൽ ഷുക്കൂറിന്റെ ഉമ്മ ആസിഫയുടെ അതിതീവ്രമായ പോരാട്ടമുണ്ടായിരുന്നു. കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിന്നാണ് കേസ് ഇതുവരെ എത്തിച്ചത്. കൊലപാതക ഗൂഢാലോചനയിൽ പി. ജയരാജനും ടി.വി. രാജേഷിനും നൂറു ശതമാനം പങ്കുണ്ടെന്ന് ഉറപ്പാണെന്നും, കൂടുതൽ പ്രതികരണം വിധി വന്ന ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കെ.എം. ഷാജി മറുപടി നൽകി. ആ യോഗത്തിൽ താനും പങ്കെടുത്തിരുന്നു. തർക്കിക്കാൻ ശേഷിയുള്ളവരാണ് നിയമസഭയിലുള്ളത്, അതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ തങ്ങൾക്ക് പ്രയാസമുള്ള കാര്യമല്ല. മുന്നിലിരിക്കുന്നത് രാജാവും തങ്ങൾ പ്രജകളുമൊന്നുമല്ല. ആരെങ്കിലും പറയുന്നത് മൂളിക്കേൾക്കാനില്ല. കഴിഞ്ഞ 10 വർഷം കേരളം കണ്ട ഏറാൻമൂളികളുടെ രാഷ്ട്രീയമല്ല ഇനിയുള്ളത്; ചോദിക്കേണ്ടത് സംഘടനയ്ക്കകത്തും പുറത്തും ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദേശയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പരിഹസിച്ച മന്ത്രി, ആ കഥയുണ്ടാക്കിയവർ തന്നെ അതിന് മറുപടി കണ്ടെത്തിയാൽ മതിയെന്ന് പ്രതികരിച്ചു.




+ There are no comments
Add yours