കൊച്ചി: കണ്ണൂർ അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കൊച്ചി സി.ബി.ഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഷുക്കൂർ കൊല്ലപ്പെട്ട് 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ കോടതിയുടെ സുപ്രധാന വിധി വരുന്നത്. സി.പി.ഐ.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 31 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
കണ്ണൂർ പട്ടുവത്തും അരിയിലിലും സി.പി.ഐ.എം – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ നിലനിന്നിരുന്ന സംഘർഷങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമങ്ങളിൽ തകർക്കപ്പെട്ട പാർട്ടി പ്രവർത്തകരുടെ വീടുകളും കടകളും സന്ദർശിക്കാനെത്തിയ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ 2012 ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 12.15-ഓടെ കല്ലേറുണ്ടായി. ലീഗ് – എം.എസ്.എഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുപിന്നാലെ അരിയിൽ ഷുക്കൂർ ഉൾപ്പെടെയുള്ള ലീഗ് പ്രവർത്തകരെ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിലെ വയലിൽ വെച്ച് സി.പി.ഐ.എം പ്രവർത്തകർ തടഞ്ഞുവെച്ചു. ഇവരുടെ ചിത്രം എസ്.എം.എസ് വഴി അയച്ചുനൽകി ആക്രമണം നടത്തിയവർ ഇവർ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഷുക്കൂറിനെയും സക്കറിയ അയൂബിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരനായ അബ്ദുൽ ഷുക്കൂർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
2012 മാർച്ച് 22-ന് 18 പേരെ പ്രതികളാക്കി കേരള പോലീസ് ആദ്യ കുറ്റപത്രം സമർപ്പിക്കുകയും പിന്നീട് പ്രതികളുടെ എണ്ണം 34 ആയി ഉയർത്തുകയും ചെയ്തു. 2012 ഓഗസ്റ്റ് 1-ന് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഓഗസ്റ്റ് 7-ന് ടി.വി. രാജേഷ് കണ്ണൂർ കോടതിയിൽ കീഴടങ്ങി. 2016 ഏപ്രിൽ 4-ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് കണ്ടെത്തിയ സി.ബി.ഐ, 2019 ഫെബ്രുവരി 11-ന് പി. ജയരാജനെ 32-ാം പ്രതിയായും ടി.വി. രാജേഷിനെ 33-ാം പ്രതിയായും ചേർത്ത് കൊലപാതക-ഗൂഢാലോചന കുറ്റം ചുമത്തി തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2025 മെയ് 5-നാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി. ശബരീനാഥ് മുമ്പാകെ വിചാരണ ആരംഭിച്ചത്. തളിപ്പറമ്പിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. സുമേഷ്, ഗണേഷ് പി. എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സി.എൻ. മോഹനൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, സി.പി.ഐ.എം നേതാക്കളുടെ വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തെളിവുകളുടെ അഭാവത്തിൽ 12 മുസ്ലിം ലീഗ് പ്രവർത്തകരെയും കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.




+ There are no comments
Add yours