തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മനഃപൂർവം സൃഷ്ടിക്കുന്നതാണോ എന്ന് സംശയമുണ്ടെന്ന് സി.ഐ.ടി.യു നേതാവ് എളമരം കരീം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ചില ലക്ഷ്യങ്ങളാണോ ഇതിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചു. ബോർഡിന് നഷ്ടമുണ്ടാക്കുന്ന കരാറുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതും മന്ത്രിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതുമാണ് കെ.എസ്.ഇ.ബി (KSEB) ചെയർമാനായിരുന്ന എം.ജി. രാജമാണിക്യത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ കാരണമെന്നും എളമരം കരീം ആരോപിച്ചു.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി വൻകിട ഇടപാടുകൾ ടെൻഡറിലൂടെയോ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെയോ മാത്രമേ ബോർഡിന് വൈദ്യുതി വാങ്ങാൻ കഴിയൂ. എന്നാൽ ഹിമാചൽ പ്രദേശിലെ വി.ഇ.എച്ച് ഗ്ലോബലിൽ (VEH Global) നിന്നെല്ലാം വൈദ്യുതി വാങ്ങാൻ കമ്മീഷൻ യാതൊരു അംഗീകാരവും നൽകിയിട്ടില്ല. നിലവിലുള്ള ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത്. ഇതിന് പുറമെ പകൽ സമയത്തേക്കുൾപ്പെടെ യൂണിറ്റിന് 8.63 രൂപ നിരക്കിൽ ജി.എൻ.എ (GNA) എന്ന കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനമെടുത്തു. ഈ തീരുമാനത്തിലൂടെ 285 മുതൽ 461 കോടി രൂപ വരെ അധികച്ചെലവ് വരുമെന്ന് കെ.എസ്.ഇ.ബി തന്നെ കണ്ടെത്തിയിരുന്നു. ജി.എൻ.എയുമായുള്ള കരാർ മൂലം 1500 കോടിയിലധികം രൂപ ചെലവാകുമെന്നും, ഇതുവഴി 763 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയർമാനെ മാറ്റിയത് കണ്ണിൽപ്പൊടിയിടാൻ കരാർ ബോർഡിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും അതിൽ ഏർപ്പെടാൻ വൈദ്യുതി മന്ത്രി കടുത്ത സമ്മർദ്ദം ചെലുത്തി. എന്നാൽ ബോർഡ് ചെയർമാനും മറ്റ് ഉദ്യോഗസ്ഥരും ഇതിന് വഴങ്ങാൻ തയ്യാറായില്ല. ബോർഡിന് വൻ ബാധ്യതയുണ്ടാക്കുന്ന ഈ വൈദ്യുതി വാങ്ങലിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് രാജമാണിക്യത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. ഐ.എ.എസ് തലപ്പത്ത് നടത്തിയ സമഗ്ര അഴിച്ചുപണി എന്നത് ഈ മാറ്റം മറച്ചുവെക്കാനും കണ്ണിൽപ്പൊടിയിടാനും വേണ്ടി മാത്രമുള്ളതാണെന്നും എളമരം കരീം ആരോപിച്ചു.




+ There are no comments
Add yours