തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 30-നകം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിനോടും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തോടും തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും, അവർ സൃഷ്ടിച്ച തെറ്റായ രീതികൾ തിരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും മന്ത്രി തുറന്നടിച്ചു.
‘രാജേഷ് ഉണ്ടാക്കിവെച്ച മോശപ്പെട്ട സിസ്റ്റം’ സംസ്ഥാനത്ത് മുഴുവൻ മദ്യമൊഴുകിയ സമയത്തും, അഴിമതിക്കാരായ ഉദ്യോഗസ്ഥരുള്ളപ്പോഴും മുൻ മന്ത്രി എം.ബി. രാജേഷ് തൃപ്തനായിരുന്നു. എന്നാൽ എൽ.ഡി.എഫും രാജേഷും ചേർന്നുണ്ടാക്കിയ ആ സിസ്റ്റത്തോട് തനിക്ക് കടുത്ത അതൃപ്തിയുണ്ട്. വെറുതെ അതൃപ്തി പറഞ്ഞ് നടക്കുകയല്ല, മറിച്ച് അതിനെതിരെ കർശന നടപടിയെടുക്കുകയാണ് താൻ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിസ്റ്റം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പിൽ ഉടൻ പല മാറ്റങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിലെ ബാർ ലൈസൻസ് വിവാദം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എക്സൈസ് കമ്മീഷണർ രണ്ട് ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ലൈസൻസ് അപേക്ഷകളിൽ പുതിയ മദ്യനയം വന്ന ശേഷം തീരുമാനമെടുത്താൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർക്ക് അധികാരമുള്ളതിനാൽ, കഴിഞ്ഞ സർക്കാരിന്റെ നയത്തിന്റെ തുടർച്ചയെന്നോണം അദ്ദേഹം ലൈസൻസ് അനുവദിക്കുകയായിരുന്നു. ഇത് സർക്കാരിനെ അറിയിക്കാതെയാണ് ചെയ്തത്. അനുമതിയില്ലാതെ നൽകിയ ഈ ലൈസൻസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതിയ തീരുമാനങ്ങൾ പുതിയ മദ്യനയം വരുന്നതുവരെ സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന് കാണിച്ച് ഉടൻ ഉത്തരവിറക്കും. നിലവിൽ എക്സൈസ് കമ്മീഷണറുടെ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കാനുള്ള സംവിധാനമില്ല. ഇത് മാറ്റി, കമ്മീഷണർ എടുക്കുന്ന തീരുമാനങ്ങൾ നിർബന്ധമായും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന ചട്ടം കൊണ്ടുവരും. എക്സൈസ് കമ്മീഷണറെ മാറ്റുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും, എന്നാൽ ആരും അനന്തകാലത്തേക്ക് ഒരേ സ്ഥാനത്ത് തുടരില്ലെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി. വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ വിമർശനങ്ങൾ വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours