വയനാട്: ഗർഭിണിയായ യുവതിക്ക് ഇഞ്ചക്ഷൻ മാറി നൽകിയ സംഭവത്തിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു. ഡോ. അനൂപ് കെ-യെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. രോഗിക്ക് മരുന്ന് നിർദ്ദേശിക്കുന്നതിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവും ഉണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസം മുൻപാണ് ആശുപത്രി അധികൃതർക്കെതിരെ പരാതി ഉയർന്നത്. ഗർഭിണിക്ക് ആവശ്യമായിരുന്ന ‘അയൺ സുക്രോസ്’ (Iron Sucrose) ഇഞ്ചക്ഷന് പകരം പേവിഷബാധയ്‌ക്കെതിരെ നൽകുന്ന ഐ.ഡി.ആർ.വി (IDRV) ഇഞ്ചക്ഷനാണ് ഡോക്ടർ കുറിച്ച് നൽകിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഗർഭിണിയായ ഒരു രോഗിക്ക് മരുന്ന് നിർദ്ദേശിക്കുമ്പോൾ പുലർത്തേണ്ട അതീവ ജാഗ്രത ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഡി.എം.ഒ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ് അടിയന്തരമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്.




+ There are no comments
Add yours