ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്നവർക്ക് സിനിമയിലും മറ്റ് പൊതുവേദികളിലും വീണ്ടും അവസരങ്ങൾ നൽകുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. പ്രമുഖ നിർമാതാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ മീ ടൂ ആരോപണവിധേയനായ റാപ്പർ വേടനെ ക്ഷണിച്ചതാണ് ചിന്മയിയെ ചൊടിപ്പിച്ചത്. മീ ടൂ ആരോപണം നേരിട്ട ഗായകൻ കാർത്തിക്കിന് ‘തമിഴ് ഐഡൽ’ പരിപാടിയിൽ വിധികർത്താവായി അവസരം നൽകിയതിനെയും ചിന്മയി ഇതിനൊപ്പം ചൂണ്ടിക്കാട്ടി.
മുൻമന്ത്രി ദുരൈമുരുകന്റെ കൊച്ചുമകളും ഡി.എം.കെ എം.പി കതിർ ആനന്ദിന്റെ മകളുമായ യുവതിയും ചലച്ചിത്ര നിർമാതാവ് കണ്ണൻ രവിയുടെ മകനും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് വേടൻ പാടാനെത്തിയത്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയുടെ നേതൃത്വത്തിലായിരുന്നു സംഗീതപരിപാടി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ ‘എക്സി’ൽ (X) ഒരു ഉപയോക്താവ് പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന റാപ്പറെ വിവാഹച്ചടങ്ങിൽ പാടാൻ ക്ഷണിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.
ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്. വേടനെതിരായ ആരോപണങ്ങൾ ആദ്യമായി ഉയർന്നുവന്ന സാഹചര്യം ചിന്മയി ഓർത്തെടുത്തു. താനും പങ്കെടുത്തിരുന്ന ഒരു പൊതുവേദിയിൽ വെച്ച് ഒരു യുവതി മലയാളത്തിൽ തന്റെ ദുരനുഭവങ്ങൾ വിവരിച്ചതും മറ്റൊരാൾ അത് പരിഭാഷപ്പെടുത്തിയതും അവർ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ലൈംഗികാരോപണം നേരിടുന്ന ഗായകൻ കാർത്തിക്കിന് റിയാലിറ്റി ഷോകളിൽ അവസരം നൽകിയതിനെ പരിഹസിച്ച ചിന്മയി, ഒരേ മാനദണ്ഡമാണ് പിന്തുടരുന്നതെങ്കിൽ വേടനും സമാനമായി അവസരം നൽകാമെന്ന നിലപാടായിരിക്കാം സംഘാടകരുടേതെന്നും വിമർശിച്ചു.
വേടനും കാർത്തിക്കിനുമെതിരായ ആരോപണങ്ങൾ:
റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ 2021-ലാണ് മീ ടൂ ആരോപണങ്ങൾ ഉയർന്നത്. ആദ്യം ആരോപണങ്ങൾ നിഷേധിച്ച വേടൻ പിന്നീട് തെറ്റുകൾ സമ്മതിച്ച് മാപ്പ് ചോദിച്ചിരുന്നു. പിന്നീട്, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ഒരു ഡോക്ടർ നൽകിയ കേസിൽ കേരള ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിക്കുകയും, ഇരുവരും തമ്മിലുള്ള ബന്ധം ഉഭയകക്ഷിസമ്മതപ്രകാരമുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ പരാതി പിന്നീട് പിൻവലിക്കപ്പെടുകയും ചെയ്തു.
2018-ലെ മീ ടൂ ക്യാമ്പയിൻ സമയത്താണ് ഗായകൻ കാർത്തിക്കിനെതിരെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നത്. അന്ന് കാർത്തിക്കിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ട നിരവധി സ്ത്രീകളെ തനിക്കറിയാമെന്ന് വ്യക്തമാക്കി ചിന്മയി ഈ ആരോപണങ്ങളെ പിന്തുണച്ചിരുന്നു. എന്നാൽ കാർത്തിക് ഈ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. പിന്നീട് ഇന്ത്യൻ ഐഡൽ, സരിഗമപ തുടങ്ങിയ സംഗീത റിയാലിറ്റി ഷോകളിൽ കാർത്തിക്കിനെ വിധികർത്താവായി ഉൾപ്പെടുത്തിയതിനെയും ചിന്മയി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.




+ There are no comments
Add yours