കാലടി സർവകലാശാല വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനാകില്ല; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്, പിന്തുണയുമായി മുൻ വിസിമാർ

Estimated read time 1 min read

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതിയുടെ അനുമതിയില്ല. സസ്പെൻഷനിലായവർക്ക് പരീക്ഷയെഴുതാൻ നേരത്തെ അനുമതി നൽകിയിരുന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കോടതിയുടെ ഇപ്പോഴത്തെ നടപടി അനീതിയാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.

സർവകലാശാലയ്ക്ക് മറുപടി നൽകാൻ മതിയായ അവസരം നൽകാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാലാ ചട്ടങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് മുൻ ഉത്തരവ് ഇറക്കിയതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർവകലാശാല നൽകിയ അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു.

വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വിസിമാർ

അതേസമയം, സർവകലാശാലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായ 16 വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണയുമായി മുൻ വൈസ് ചാൻസലർമാരും പ്രൊ-വി.സിമാരും രംഗത്തെത്തി. സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ, കഴിഞ്ഞ 60 ദിവസമായി സസ്‌പെൻഷനിൽ തുടരുന്ന വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് അവരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും, സമരവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ അധികൃതർ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുൻ വൈസ് ചാൻസലർമാരായ ഡോ. ധർമ്മരാജ് അടാട്ട്, ഡോ. എം.വി. നാരായണൻ, ഡോ. ജെ. പ്രസാദ്, മുൻ പ്രൊ വൈസ് ചാൻസലർമാരായ ഡോ. കെ.എസ്. രവികുമാർ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. എസ്. രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡീൻ ഡോ. എൻ.കെ. ശങ്കരൻ എന്നിവരാണ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്.

+ There are no comments

Add yours