നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ

Estimated read time 1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

2026 ജനുവരി 12-ന് കേസ് പരിഗണിക്കുന്നതിനിടെ, താൻ കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും ജഡ്ജി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ടി.ബി. മിനി ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങൾ ഒരു അഭിഭാഷകയെന്ന നിലയിലുള്ള തന്റെ വിശ്വാസ്യതയെയും പ്രൊഫഷണൽ പ്രതിച്ഛായയെയും സാരമായി ബാധിച്ചുവെന്നും, ഇതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപങ്ങൾ നടന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ. ടി.ബി. മിനി നേരത്തെ അഡ്വക്കേറ്റ് ജനറലിന് പരാതി നൽകിയിരുന്നെങ്കിലും ഈ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

+ There are no comments

Add yours