ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും. പൂർണ്ണമായും വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന് പകരം, ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (BEML) ഇന്ത്യൻ എഞ്ചിനീയർമാരുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വേഗതയും കോച്ചുകളും:
മണിക്കൂറിൽ 280 കിലോമീറ്റർ പരമാവധി പരീക്ഷണ വേഗത കൈവരിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ട്രെയിൻ, സാധാരണയായി മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ് നടത്തുക. നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളുമടക്കം മൊത്തം എട്ട് കോച്ചുകളുള്ള ട്രെയിനിന് 202 മീറ്റർ നീളമുണ്ടാകും. ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി നീക്കിവെച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ഒരേസമയം 557 യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാനാകും.
യാത്രാ സൗകര്യങ്ങൾ:
ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളിൽ 3×2 എന്ന രീതിയിലും, ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിൽ 2×2 എന്ന രീതിയിലുമാകും സീറ്റിംഗ് ക്രമീകരണം. ട്രെയിനിന്റെ രണ്ട് അറ്റത്തും അത്യാധുനിക ‘ഇന്റലിജന്റ് ഓൺ-ബോർഡ് കൺട്രോൾ സിസ്റ്റം’ സജ്ജീകരിച്ചിട്ടുള്ള ഡ്രൈവർ ക്യാബുകൾ ഉണ്ടായിരിക്കും.
ഇന്ത്യൻ യാത്രികരുടെ ശാരീരിക സവിശേഷതകൾ പരിഗണിച്ച്, യാത്രയിലുടനീളം പരമാവധി സൗകര്യം ഉറപ്പാക്കുന്ന വിധത്തിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഇരിപ്പിടങ്ങൾ, കാലുകൾ സുഖമായി വെക്കാനുള്ള സ്ഥലം, കോച്ചുകൾക്കിടയിലൂടെ തടസ്സമില്ലാതെ നടക്കാൻ സഹായിക്കുന്ന ‘സിംഗിൾ പീസ് ഗാങ്വേ’ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.
മറ്റ് സവിശേഷതകൾ:
- കാഴ്ചകൾ ആസ്വദിക്കാൻ ഓരോ സീറ്റ് നിരയിലും വലിയ ജനലുകൾ.
- ആധുനിക എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനം.
- ലഗേജുകൾ സുരക്ഷിതമായി വെക്കാൻ തറയിൽ ഉറപ്പിച്ച സ്റ്റാൻഡുകളും മുകൾഭാഗത്ത് പ്രത്യേക റാക്കുകളും.
- ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും പ്രത്യേകം പവർ ഔട്ട്ലെറ്റുകൾ.
- പരിസ്ഥിതി സൗഹൃദമായ ബയോ-ഡൈജസ്റ്റർ ശൗചാലയങ്ങൾ.
യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി വിപുലമായ ‘പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം’ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി ക്യാബിനുകൾക്കുള്ളിൽ സ്ഥാപിക്കുന്ന എൽ.സി.ഡി ഡിസ്പ്ലേകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ അറിയിപ്പുകൾ ലഭ്യമാകും.




+ There are no comments
Add yours