തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ട്. അതുകൊണ്ടാണ് പരിപാടിക്ക് ശേഷം മറുപടി നൽകാമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞത്. എന്നാൽ ചോദ്യങ്ങൾ ചോദിക്കുക എന്നതിനപ്പുറം വേദിയിൽ പ്രശ്നമുണ്ടാക്കുകയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്യുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വലിയ സ്വപ്നമായ ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തിയല്ല സംഘടനകൾ വിദ്യാർത്ഥി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകേണ്ടത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ സമരങ്ങൾ ജനാധിപത്യ രീതിയിലായിരിക്കണം. ഇത്തരത്തിലുള്ള വഴിവിട്ട സമരങ്ങൾക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന വേദിയിൽ ഇത്തരമൊരു ബാനർ ഉയർത്താൻ ഈ പ്രവർത്തകർക്ക് ധൈര്യമുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലടി സംസ്കൃത സർവകലാശാലയിൽ നടന്നത് തികഞ്ഞ അക്രമ സമരമാണെന്നും അതിനോട് യാതൊരു യോജിപ്പുമില്ലെന്നും മന്ത്രി പറഞ്ഞു. അവിടെ നടന്ന സമരത്തെയാണ് താൻ ‘അപരിഷ്കൃതം’ എന്ന് വിശേഷിപ്പിച്ചത്. കാലടിയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ നടപടി പിൻവലിക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് സർവകലാശാലയാണ്. മുൻ സർക്കാരിന്റെ കാലത്ത് വിദ്യാർത്ഥികളെ 90-ഉം 120-ഉം ദിവസങ്ങൾ സസ്പെൻഡ് ചെയ്ത് പുറത്തുനിർത്തിയപ്പോൾ ഇവർക്ക് ഈ ന്യായമൊന്നും ഉണ്ടായിരുന്നില്ലേയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.




+ There are no comments
Add yours