തിരുവനന്തപുരം ആർ.സി.സിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപ്പിഴവ്; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

Estimated read time 1 min read

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് മൂലമാണെന്ന് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോർട്ട്. കുഞ്ഞിന്റെ നില വഷളായത് ലുക്കീമിയ (രക്താർബുദം) കാരണമല്ലെന്നും, കൈയിലുണ്ടായ അണുബാധയ്ക്ക് ക്യാൻസറുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് രക്തകോശങ്ങളെ ബാധിച്ചതാണ് ഗുരുതരമായ അണുബാധയ്ക്ക് കാരണമായത്.

ലുക്കീമിയ സ്ഥിരീകരിച്ചതിനെത്തുടർന്ന് കീമോതെറാപ്പിക്കായി ആർ.സി.സിയിൽ എത്തിച്ച വിധാൻ വിഷ്ണു എന്ന കുഞ്ഞിന്റെ മാതാപിതാക്കളാണ് ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അശ്രദ്ധയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാക്കിയതെന്ന് ഇവർ ആരോപിക്കുന്നു. അണുവിമുക്തമാക്കാതെയാണ് കുഞ്ഞിന്റെ കൈയിൽ ക്യാനുല ഇട്ടതെന്നും, തുടർന്ന് നീരുവന്ന ഇതേ കൈയിൽത്തന്നെ രക്തസമ്മർദ്ദം പരിശോധിച്ചുവെന്നും മാതാപിതാക്കൾ പറയുന്നു.

പിതാവ് വിഷ്ണു വിജയൻ ആർ.സി.സി ഡയറക്ടർക്ക് പരാതി നൽകിയ ശേഷമാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായത്. ഇതിനോടകം കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിക്കുന്നതിൽ ഒമ്പത് ദിവസത്തെ കാലതാമസമുണ്ടായതായും പരാതിയിലുണ്ട്. ചികിത്സാപ്പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ആർ.സി.സി ഡയറക്ടർക്കും മാതാപിതാക്കൾ പരാതി നൽകി. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ആർ.സി.സി ഡയറക്ടർ അറിയിച്ചു. രക്താർബുദവുമായി ബന്ധപ്പെട്ട മെഡിക്കൽ കണ്ടീഷനാണോ കുഞ്ഞിന്റെ നില വഷളാക്കിയതെന്നും ആശുപത്രി അധികൃതർ പരിശോധിക്കുന്നുണ്ട്.

+ There are no comments

Add yours