ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുമായി മൈക്രോസോഫ്റ്റ്. ഒരു യഥാർത്ഥ ഡോക്ടറെപ്പോലെ രോഗിയോട് ലക്ഷണങ്ങൾ ചോദിച്ചറിയുകയും, ആവശ്യമായ പരിശോധനകൾ നിർദേശിക്കുകയും ചെയ്ത് ഘട്ടം ഘട്ടമായി രോഗനിർണയം നടത്തുന്ന പുതിയ എ.ഐ സംവിധാനമാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചിരിക്കുന്നത്.
നിലവിലുള്ള എ.ഐ സംവിധാനങ്ങൾ രോഗിയുടെ വിവരങ്ങളും സ്കാനിങ് റിപ്പോർട്ടുകളും ലബോറട്ടറി ഫലങ്ങളും ഒന്നിച്ച് വിശകലനം ചെയ്താണ് ഒറ്റയടിക്ക് നിഗമനങ്ങളിൽ എത്തുന്നത്. എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി, രോഗിയുടെ ആരോഗ്യചരിത്രം പൂർണ്ണമായും മനസ്സിലാക്കി ഓരോ ഘട്ടങ്ങളായാണ് പുതിയ ടൂൾ പ്രവർത്തിക്കുന്നത്. ഇതിനായി ‘ഓർക്കസ്ട്രേറ്റർ’ (Orchestrator) എന്ന പ്രത്യേക സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
രോഗിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ, ശാരീരിക പരിശോധനകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിർദേശിക്കേണ്ട തുടർപരിശോധനകൾ എന്നിവയെല്ലാം ഈ ടൂൾ സ്വയം തീരുമാനിക്കും. പുതിയ പരിശോധനാഫലങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് രോഗനിർണയ സാധ്യതകൾ പുനർമൂല്യനിർണ്ണയം നടത്താനും കൃത്യമായ നിഗമനത്തിലെത്താനും ഈ സംവിധാനത്തിന് കഴിയും. സങ്കീർണ്ണമായ രോഗനിർണയങ്ങളിൽ ജനറൽ ഫിസിഷ്യന്മാരേക്കാൾ മികച്ച പ്രകടനമാണ് ഈ എ.ഐ ടൂൾ കാഴ്ചവെക്കുന്നതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ മികച്ച വിജയം നേടിയെങ്കിലും, യഥാർത്ഥ ആശുപത്രി സാഹചര്യങ്ങളിൽ ഇതിന്റെ ഫലപ്രാപ്തി കൂടുതൽ വിലയിരുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി, അമേരിക്കയിലെ ബോസ്റ്റണിലുള്ള ബെത്ത് ഇസ്രയേൽ ഡീക്കണസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ അടിയന്തരാവസ്ഥ വിലയിരുത്തുന്നതിനും മുൻഗണന നിശ്ചയിക്കുന്നതിനും ഈ പുതിയ സംവിധാനം ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈക്രോസോഫ്റ്റ്.




+ There are no comments
Add yours