തിരുവനന്തപുരം: കിഫ്ബി (KIIFB) ഇനി സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമെന്നും, യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു സമാന്തര സാമ്രാജ്യമായി അതിനെ വളർത്താൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ സർക്കാർ കിഫ്ബിയിലൂടെ സംസ്ഥാന ഖജനാവിൽ വലിയ ചോർച്ചയാണ് ഉണ്ടാക്കിയത്. ഇത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണ്. ഇതിന് ഉത്തരവാദികളായവർ എത്ര ഉന്നതരായാലും അവരെ വെറുതെ വിടുന്ന പ്രശ്നമില്ലെന്നും ഇതിൽ കർശന അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ തുടരും, എന്നാൽ കടക്കെണി രൂക്ഷം
കിഫ്ബിയുടെ നിലവിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തുടരാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. 27,000 കോടിയുടെ നിലവിലെ വർക്കുകളും, ടെൻഡർ ചെയ്യാത്ത 4,000 കോടിയുടെ വർക്കുകളും ഉൾപ്പെടെ ആകെ 31,761 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കും. എന്നാൽ നിലവിൽ 70,000 കോടി രൂപയുടെ വൻ ബാധ്യതയാണ് കിഫ്ബിക്കുള്ളത്. മുൻ സർക്കാർ പൊതുവിപണിയേക്കാൾ ഉയർന്ന പലിശയ്ക്കാണ് വായ്പകൾ എടുത്തുകൂട്ടിയത്. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിലാണ് ഉൾപ്പെടുന്നത് എന്നതിനാൽ, സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും 12,000 കോടി രൂപ ഇതിനോടകം കേന്ദ്രം വെട്ടിക്കുറച്ചു. ധനവകുപ്പിനോ സർക്കാരിനോ യാതൊരു നിയന്ത്രണവുമില്ലാതെ ഉയർന്ന പലിശയ്ക്ക് തോന്നിയതുപോലെ വായ്പയെടുക്കുന്ന രീതിയാണ് മുൻപുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സർക്കാരിന്റെ കാലത്ത് 15,000 കോടിയുടെ കടമെടുപ്പ് ബാധ്യത കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി ഒറ്റമൂലിയല്ല
കേരളത്തിലെ വികസനങ്ങളെല്ലാം കിഫ്ബിയിലൂടെ മാത്രമാണ് നടന്നതെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ, സിയാൽ (CIAL), കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ഇൻഫോ പാർക്ക്, ടെക്നോപാർക്ക്, ഗോശ്രീ പാലം, കലൂർ സ്റ്റേഡിയം തുടങ്ങിയ കേരളത്തിന്റെ വിസ്മയങ്ങളായ പദ്ധതികളൊന്നും കിഫ്ബി വഴിയല്ല നടപ്പിലാക്കിയത്.
കെ.എൻ ബാലഗോപാലിന് മറുപടി
കിഫ്ബി വിദഗ്ധ സമിതി റിപ്പോർട്ട് കോർപ്പറേറ്റ് വൽക്കരണ അജണ്ടയാണെന്ന കെ.എൻ ബാലഗോപാലിന്റെ ആരോപണത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മുൻപ് കിഫ്ബിയുടെ കടമെടുപ്പിനെതിരെ കുറിപ്പ് നൽകിയ ആളാണ് ബാലഗോപാൽ. അന്ന് അദ്ദേഹം എതിർത്തതും കോർപ്പറേറ്റ് വൽക്കരണത്തിന്റെ ഭാഗമായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും വി.ഡി സതീശൻ ഓർമ്മിപ്പിച്ചു.
ക്രമക്കേടുകളുടെ കൂമ്പാരം
ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളം നൽകി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് കിഫ്ബിയിൽ ചെയ്തത്. കണ്ണൂരിൽ കിഫ്ബി ഏറ്റെടുത്ത സ്ഥലം ഒരു ഉപേക്ഷിക്കപ്പെട്ട പാറമടയായിരുന്നു. പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൊണ്ട് മൂടിയ ഈ പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗ്യമല്ലെന്ന് കോടതി നിയോഗിച്ച വിദഗ്ധ സമിതി തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടാതെ, അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് കിഫ്ബി അനുമതി നൽകിയത് ഈ ഓഗസ്റ്റിലാണെങ്കിലും, കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ എൽ.ഡി.എഫ് സർക്കാർ ഇതിന് തറക്കല്ലിട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഇത്തരം തട്ടിപ്പുകളാണ് കഴിഞ്ഞ കാലങ്ങളിൽ നടന്നത്. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകിയത്.




+ There are no comments
Add yours