‘കള്ളം പറയുന്നത് മുഖ്യമന്ത്രി കസേരയ്ക്ക് ചേർന്നതല്ല, വാക്ക് തന്ന് പറ്റിച്ചു’: യു.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് എൽ.പി.എസ്.ടി സമരനേതാവ് വളർമതി

Estimated read time 1 min read

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതി. കള്ളങ്ങൾ വിളിച്ചുപറയുന്നത് മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ഒരാൾക്ക് ഒട്ടും ചേർന്ന കാര്യമല്ലെന്ന് അവർ തുറന്നടിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ കെ.സി. വേണുഗോപാലും വി.ഡി. സതീശനും വാഗ്ദാനങ്ങൾ നൽകി തങ്ങളെ വഞ്ചിച്ചുവെന്നും, അതിനാൽ മരണം വരെ നിരാഹാര സമരം തുടരുമെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ വെച്ച് വളർമതി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയിൽ തങ്ങളുടെ വിഷയം ചർച്ചയായെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് നൽകുന്നതെന്ന് അവർ ആരോപിച്ചു. ഇതിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയേണ്ടതുണ്ട്. എട്ടു പ്രാവശ്യം ചർച്ച നടത്തിയെന്ന വാദം തികച്ചും തെറ്റിദ്ധാരണ പരത്താനാണ്. സഭയിൽ മുഖ്യമന്ത്രി കള്ളമാണ് പറയുന്നത്. നേരിട്ട് കണ്ടപ്പോൾ തന്നെക്കൊണ്ട് അധികം സംസാരിപ്പിക്കാതെ മുഖ്യമന്ത്രിയാണ് കൂടുതൽ സംസാരിച്ചത്. തന്നെ സമ്മർദ്ദത്തിലാക്കരുതെന്നും ബ്ലാക്ക് മെയിൽ ചെയ്യരുതെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ പി.എസ്.സിക്ക് ശുപാർശ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും വളർമതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണത്തിന്റെ ശബ്ദരേഖ മൊബൈൽ ഫോണിൽ പ്ലേ ചെയ്ത് കേൾപ്പിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

നേരത്തെയും ഇത്തരം വാഗ്ദാനങ്ങൾ നൽകി തങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനി അതിന് വഴങ്ങില്ലെന്ന് വളർമതി വ്യക്തമാക്കി. പ്രതിപക്ഷത്തായിരുന്നപ്പോൾ തങ്ങളുടെ ആവശ്യങ്ങൾ ന്യായമായി തോന്നിയവർ ഭരണത്തിലെത്തിയപ്പോൾ അത് മറന്നു. നാല് ജില്ലകളിൽ ഇതുവരെ ഒരാൾക്ക് പോലും ജോലി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മരണം വരെ സമരം തുടരുക തന്നെ ചെയ്യും. “ഒരു വളർമതി മരിച്ചാൽ ആയിരം വളർമതിമാർ ഇവിടെ പകരം വരും,” നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അവർ വ്യക്തമാക്കി.

+ There are no comments

Add yours