നെടുമ്പാശേരി നരഹത്യാ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയും

Estimated read time 1 min read

കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19-കാരൻ ഓടിച്ച കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കേസിലെ നാല് പ്രതികളും ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും നിലവിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. അപകട സമയത്ത് ഒന്നാം പ്രതി സുഹൈൽ മദ്യപിച്ചിരുന്നതായും വാഹനം അമിതവേഗതയിലായിരുന്നുവെന്നും വ്യക്തമാക്കുന്ന നിർണായക ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ജോയൽ തന്റെ സുഹൃത്തിനയച്ച ഈ ഓഡിയോ സന്ദേശം പൊലീസിന് ലഭിച്ച നിർണായക തെളിവുകളിലൊന്നാണ്.

അതേസമയം, ഒന്നാം പ്രതി സുഹൈൽ സജീവിന്റെ രക്തം, മൂത്രം എന്നിവയുടെ പരിശോധനാ ഫലത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ഇനി പുറത്തുവരാനുണ്ട്. നിർണായക വിവരങ്ങൾ ഇനിയും ലഭിക്കാനിരിക്കെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും നിലപാട്.

+ There are no comments

Add yours