കൊച്ചി: ചേരാനല്ലൂരിൽ മധ്യവയസ്കൻ ബെൻസ് കാറിടിച്ച് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെ ഉന്നതതലത്തിൽ കൂടുതൽ നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി. പകരം ആർ. നിശാന്തിനിയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കും. ഇതിന് പുറമെ, പി. പ്രകാശിനെ ദക്ഷിണ മേഖല ഐ.ജിയായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
കേസിൽ പ്രതിയായ 17-കാരന് അപകടം നടന്നയന്ന് തന്നെ ജാമ്യം ലഭിക്കാൻ ഇടയായതിൽ പൊലീസിന്റെ ഭാഗത്ത് വലിയ ജാഗ്രതക്കുറവുണ്ടായെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ തുറന്നുസമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചേരാനല്ലൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തത്.
എന്നാൽ, കീഴുദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതിൽ സേനയ്ക്കുള്ളിൽ വലിയ അതൃപ്തി പുകയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ നടപടികളും മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിച്ച ശേഷമാണ് ചെയ്തതെന്നും, അതിനാൽ മേൽനോട്ട വീഴ്ച വരുത്തിയ ഉന്നതർക്കെതിരെ അന്വേഷണം നടക്കാത്തത് അനീതിയാണെന്നുമായിരുന്നു വിമർശനം. ഈ അതൃപ്തികൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉൾപ്പെടെ കർശന നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായിരിക്കുന്നത്.




+ There are no comments
Add yours