വൈദ്യുതി വാങ്ങുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനമില്ല; സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്, ഇരുട്ടടിയായി നവംബറിൽ സർച്ചാർജും

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത. ഉയർന്ന വില നൽകി ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ ഇതുവരെ അന്തിമ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനായി കെ.എസ്.ഇ.ബി നൽകിയ ഫയലിൽ ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനുപുറമെ പ്രതിസന്ധികൾക്കിടയിൽ അടുത്ത മാസം മുതൽ വൈദ്യുതി ബില്ലിനൊപ്പം ജനങ്ങളിൽ നിന്ന് സർച്ചാർജും ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വരുന്ന മാസങ്ങളിൽ സംസ്ഥാനത്തെ പീക്ക് അവർ വൈദ്യുതി കമ്മി 738 മെഗാവാട്ട് വരെയാകുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് 864 മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്ന ഹിമാചൽ പ്രദേശിന്റെ വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ യൂണിറ്റിന് 12.50 രൂപ മുതൽ 14.50 രൂപ വരെയാണ് ഇതിനായി അവർ ആവശ്യപ്പെടുന്ന നിരക്ക്. റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച പരിധിക്ക് അപ്പുറമുള്ള തുകയായതിനാൽ വൈദ്യുതി വകുപ്പ് മന്ത്രിയുടെ അനുമതിയോടെ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. ഈ ഫയൽ ഇനിയും വൈകിയാൽ നവംബർ മുതൽ മെയ് വരെ സംസ്ഥാനത്ത് പവർകട്ട് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് ആശങ്ക.

ഒരുവശത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധന സർച്ചാർജ് വരുന്നത്. നവംബർ മാസത്തിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസയും വീതമാണ് സർച്ചാർജ് ഈടാക്കുക. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ വകയിൽ കെ.എസ്.ഇ.ബിക്ക് 11.92 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായതിനാലാണ് ഈ തുക ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് സർച്ചാർജായി ഈടാക്കുന്നത്.

+ There are no comments

Add yours