പി. ജയരാജനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ദർശനങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്നും, അവരുടെ തെറ്റായ നിലപാടുകൾ തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം.
സംഘപരിവാർ കാഴ്ചപ്പാടുകൾ ഗുരുദേവ ദർശനങ്ങൾക്ക് പൂർണ്ണമായും എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും ആർ.എസ്.എസ് ശ്രീനാരായണ ഗുരുവിന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സനാതന ധർമ്മത്തിന്റെ പേരിൽ സവർണ്ണ മേധാവിത്വം സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ ശക്തമായി എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ യഥാർത്ഥത്തിൽ പിന്തുടരുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സി.പി.ഐ.എമ്മും എസ്.എൻ.ഡി.പി നേതൃത്വവും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്ക് ഈ പരാമർശങ്ങൾ വഴിവെച്ചേക്കാം.




+ There are no comments
Add yours