കോവിഡ് കാലത്തെ ഐഫോൺ പർച്ചേസിൽ ദുരൂഹത; 224 ഫോണുകൾ കാണാനില്ല, വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Estimated read time 1 min read

തിരുവനന്തപുരം: കോവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് വാങ്ങിയ നൂറുകണക്കിന് ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. 7.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ ഫണ്ടസ് ക്യാമറകളും ഫോണുകളും എവിടെയെന്നതിൽ യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിലാണിത്. സംഭവത്തിൽ സൈബർ സെല്ലിനും പരാതി നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കണ്ണ് പരിശോധനയ്ക്കായി ‘റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷൻ’ എന്ന കമ്പനിയിൽ നിന്നാണ് 224 ഫണ്ടസ് ക്യാമറകൾ ആരോഗ്യവകുപ്പ് വാങ്ങിയത്. ഈ ഉപകരണത്തിൽ ഘടിപ്പിക്കാനായി 224 ഐഫോൺ 6എസ് (iPhone 6S) മോഡലുകളും വാങ്ങിയിരുന്നു. ഫണ്ടസ് ക്യാമറയും ഐഫോണും ചേർന്ന ഒരു യൂണിറ്റിന് 3.2 ലക്ഷം രൂപയാണ് അന്ന് ചെലവാക്കിയത്. എന്നാൽ വൻ തുക മുടക്കി വാങ്ങിയ ഈ ഉപകരണങ്ങളൊന്നും കോവിഡ് കാലത്ത് ഉപയോഗിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോൾ വ്യക്തമാക്കുന്നത്. കാണാതായ ഫോണുകൾ ഐ.എം.ഇ.ഐ (IMEI) നമ്പർ പരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമം.

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കൽ പർച്ചേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ അബിൻ വർക്കി എം.എൽ.എ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ 215-ഓളം ആശുപത്രികളിലായി ആയിരത്തിലധികം ഉപകരണങ്ങൾ പെട്ടി പോലും പൊട്ടിക്കാതെ ഉപയോഗശൂന്യമായി കിടപ്പുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഈ ഗുരുതരമായ ആരോപണത്തിന് പിന്നാലെയാണ് അടിയന്തര നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.

+ There are no comments

Add yours