വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തട്ടിൻപുറത്ത് നിന്ന് പിടിയിൽ

Estimated read time 1 min read

മീനങ്ങാടി: വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്ന പ്രതി ഒടുവിൽ പിടിയിൽ. കണ്ണൂർ ശ്രീകണ്ഠാപുരം പോലീസ് എടുത്ത വഞ്ചനാക്കേസിലെ പ്രതിയായ കംബ്ലക്കാട് തേർവാടിക്കുന്ന് കാവുവയൽവീട്ടിൽ ബാബു എന്ന തുളസീധരനെയാണ് മീനങ്ങാടിയിലെ വാടകവീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 80,000 രൂപ തട്ടിയെടുത്തു എന്നതായിരുന്നു പരാതി. കേസ് രജിസ്റ്റർ ചെയ്തതുമുതൽ കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. മീനങ്ങാടി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഇയാളെ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് പോലീസ് വലയിലാക്കിയത്.

പോലീസ് എത്തിയതറിഞ്ഞ് വീടിന്റെ ഗേറ്റ് തുറക്കാൻ പ്രതി തയ്യാറായില്ല. ഇതോടെ മതിൽ ചാടിക്കടന്ന് വീടിനുള്ളിൽ പ്രവേശിച്ച പോലീസ് സംഘം വ്യാപകമായി തിരച്ചിൽ നടത്തി. ഒടുവിൽ വീടിനുള്ളിലെ ബർത്തിന് മുകളിൽ കാർഡ്ബോർഡ് പെട്ടികൾക്ക് പിന്നിലായി ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാൾ പോലീസിനെ അസഭ്യം പറയുകയും ചെയ്തു.

ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ, മീനങ്ങാടി പോലീസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും സഹായത്തോടെ രാവിലെ ആറരയോടെയായിരുന്നു പ്രതിയെ പിടികൂടിയത്.

+ There are no comments

Add yours