‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; ഭാവനാ സ്റ്റുഡിയോസിന്റെ എട്ടാം ചിത്രത്തിന് തുടക്കമായി

Estimated read time 1 min read

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് പുതിയ സിനിമയുടെ പ്രഖ്യാപന പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

റോയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ‘കരാട്ടെ ചന്ദ്രന്’ വേണ്ടി തിരക്കഥയൊരുക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെയും വിവരങ്ങളെയും കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ, തങ്കം, പ്രേമലു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കും, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നും (ബികെയു) ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഇതിന് പുറമെ, നയൻതാര പ്രധാന വേഷത്തിലെത്തുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’, അഹമ്മദ് കബീർ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ എന്നീ ചിത്രങ്ങളുടെ കേരളത്തിലെ തിയേറ്റർ വിതരണാവകാശവും ഭാവനാ സ്റ്റുഡിയോസാണ് അടുത്തിടെ സ്വന്തമാക്കിയത്.

+ There are no comments

Add yours