ന്യൂഡൽഹി: ഐസ (AISA) നേതാവ് നേഹ ബോറ ഡൽഹിയിലെ സമാധാന അന്തരീക്ഷം തകർക്കുന്നു എന്നാരോപിച്ച് മന്ദിർമാർഗ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. നേഹയെ ഉപദ്രവിക്കുമെന്ന് പ്രതിഷേധക്കാർ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നിശബ്ദത പാലിക്കുകയാണെന്ന് ഐസ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ നേഹ എങ്ങനെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (SEM) മുന്നിൽ ഹാജരാകുമെന്നും അവർ ചോദിച്ചു. ഇതിനിടെ എസ്.ഇ.എമ്മിന് മുന്നിൽ ഹാജരാകുന്നതിനായി നേഹ ബോറ പൊലീസ് സ്റ്റേഷനിൽ എത്തി.
അതേസമയം, ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ വ്യക്തമാക്കി. പീസ് ബോണ്ടിനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ജനാധിപത്യത്തിൽ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെയാണ് അധികാരികൾ കവർന്നെടുക്കുന്നത്. വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് തങ്ങൾ തെരുവിലിറങ്ങിയതെന്നും പ്രതിഷേധങ്ങളെല്ലാം പൂർണ്ണമായും സമാധാനപരമായിരുന്നുവെന്നും നേഹ ചൂണ്ടിക്കാട്ടി.
പൊലീസാണ് വലിയ തോതിലുള്ള അതിക്രമങ്ങൾ അഴിച്ചുവിട്ടത്. തങ്ങൾ സമാധാനം തകർത്തുവെന്ന നോട്ടീസിലെ ആരോപണങ്ങൾക്ക് യാതൊരു തെളിവും അധികൃതർ ഇതുവരെ നൽകിയിട്ടില്ല. ബോണ്ടിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണ്. എവിടെ, എങ്ങനെയാണ് സമാധാനം തകർത്തതെന്ന് വ്യക്തമാക്കണമെന്നും അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്നും നേഹ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്നത് എങ്ങനെയാണ് സമാധാന ലംഘനമാകുകയെന്നും അവർ ചോദിച്ചു.




+ There are no comments
Add yours