ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശജയം. അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്. മുൻനിര ബാറ്റർമാർ പൂർണ്ണമായും നിരാശപ്പെടുത്തിയ മത്സരത്തിൽ പുറത്താകാതെ നിന്ന തിലക് വർമയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.
കിവീസ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ സഞ്ജു സാംസൺ (14), മൂന്നാമനായി ഇറങ്ങിയ വൈഭവ് സൂര്യവംശി (4), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (4), അക്‌സർ പട്ടേൽ (11) എന്നിവർ വേഗത്തിൽ മടങ്ങി. 31 റൺസെടുത്ത നമൻ ധീറും പുറത്തായതോടെ ഇന്ത്യ ഒരുവേള തോൽവി ഉറപ്പിച്ചതാണ്. എന്നാൽ പതിനഞ്ചാം ഓവർ മുതൽ ക്രീസിലൊന്നിച്ച തിലക് വർമ – നിതീഷ് കുമാർ റെഡ്ഡി സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. 19.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 26 പന്തിൽ 51 റൺസെടുത്ത തിലകും 13 പന്തിൽ 26 റൺസെടുത്ത നിതീഷും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസെടുത്തത്. ഗ്ലെൻ ഫിലിപ്പ്‌സിന്റെയും (70) ബെവൺ ജേക്കബ്‌സിന്റെയും മികച്ച ഇന്നിങ്‌സുകളാണ് കിവീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.




+ There are no comments
Add yours