വിമാന ഇന്ധന നികുതി വെട്ടിക്കുറച്ച് തമിഴ്നാട്; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ

Estimated read time 1 min read

ചെന്നൈ: വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച തമിഴ്നാട്ടിലെ ടി.വി.കെ സർക്കാരിനെയും മുഖ്യമന്ത്രി വിജയ്‌യെയും പ്രശംസിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് എക്സിലൂടെ തമിഴ്നാട് സർക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പുതിയ തീരുമാനപ്രകാരം ചെന്നൈ വിമാനത്താവളത്തിലെ ഇന്ധന നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറച്ചു. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇത് വെറും ഒരു ശതമാനമാക്കിയുമാണ് വെട്ടിക്കുറച്ചിട്ടുള്ളത്.

വിമാനയാത്ര സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഇത്തരം ഏകോപനം അനിവാര്യമാണെന്ന് റാം മോഹൻ നായിഡു എക്സിൽ കുറിച്ചു. യാത്രക്കാരുടെ സൗകര്യങ്ങൾക്കായിരിക്കണം എപ്പോഴും പ്രഥമ പരിഗണന നൽകേണ്ടതെന്നും, തമിഴ്നാടിന്റേത് സ്വാഗതാർഹമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി കുറച്ച നടപടി വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ വലിയ രീതിയിൽ സഹായകമാകും. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 30-40 ശതമാനത്തോളമാണ് സാധാരണയായി ഇന്ധനത്തിനായി വരുന്നത്. എന്നാൽ അടുത്തിടെ ഇത് 55-60 ശതമാനമായി വർദ്ധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്ക-ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിമാന ഇന്ധനവില തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ ഈ ആശ്വാസ നടപടി.

+ There are no comments

Add yours