മനില: ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു. മനിലയ്ക്ക് തെക്കുള്ള ഫെർണാണ്ടോ എയർ ബേസിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എസ്.എഫ്-260 (SF-260) സിംഗിൾ പ്രൊപ്പല്ലർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്തുവെച്ച് വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൂട്ടിയിടിച്ചതിന് പിന്നാലെ വിമാനങ്ങൾ എയർ ബേസിന്റെ പരിധിക്കുള്ളിൽത്തന്നെ തകർന്നുവീണതിനാൽ മറ്റ് ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യോമസേനാ വക്താവ് കേണൽ ആൽവിൻ കാപിൻഗുയാൻ വ്യക്തമാക്കി. സംഭവത്തിൽ അപകടകാരണം കണ്ടെത്താനായി വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എസ്.എഫ്-260 വിമാനങ്ങളുടെ സർവീസ് മുൻകരുതലെന്ന നിലയിൽ ഫിലിപ്പീൻസ് വ്യോമസേന താത്കാലികമായി നിർത്തിവെച്ചു.
ഈ വർഷം മെയ് മാസത്തിൽ ഫിലിപ്പീൻസിലെ ബംഗ്യൂട്ട് പ്രവിശ്യയിലും സമാനമായ അപകടം നടന്നിരുന്നു. അന്ന് മറ്റൊരു എസ്.എഫ്-260 വിമാനം തകർന്നുവീണ് രണ്ട് സൈനിക പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് വ്യോമസേനയെ ഞെട്ടിച്ച് വീണ്ടും അപകടമുണ്ടാകുന്നത്.




+ There are no comments
Add yours