‘നിനക്കായി, സ്നേഹത്തിൻ, മൗനജാലകം തുറന്നു ഞാൻ…’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് വരുൺ സന്ദേശും ശ്വേതാ ബസു പ്രസാദും. വലിയ വിജയമായി മാറിയ തെലുങ്ക് ചിത്രം ‘കൊത്ത ബംഗാരു ലോക’ത്തിന്റെ മലയാളം പതിപ്പായ ‘ഇതു ഞങ്ങളുടെ ലോകം’ അന്നത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഈ ഹിറ്റ് ജോഡികൾ വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. ‘നാ വൈഫ് മിസ്സിങ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.
വരുണിനൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ കഴിയുന്നതിന്റെ വലിയ സന്തോഷത്തിലാണ് ശ്വേതാ ബസു. തങ്ങളുടെ ആദ്യ ചിത്രം വലിയ വിജയമായിരുന്നെന്നും, വരുണിനൊപ്പം മറ്റൊരു ചിത്രം ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നതായും ശ്വേത പറഞ്ഞു. താരങ്ങൾ വീണ്ടും ഒന്നിക്കുന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിൽ ആരാധകരും വലിയ ആവേശത്തിലാണ്. പ്രേക്ഷകരുടെ പിന്തുണ കൊണ്ടുമാത്രമാണ് തങ്ങൾ ഇവിടെ നിൽക്കുന്നതെന്നും ഈ പുതിയ സിനിമ അവർക്ക് വേണ്ടിയുള്ളതാണെന്നും ശ്വേത കൂട്ടിച്ചേർത്തു.





+ There are no comments
Add yours