യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം; ചെന്നെത്തിയത് വൻ കള്ളനോട്ടടി കേന്ദ്രത്തിൽ; കൊല്ലത്ത് യുവാവ് അറസ്റ്റിൽ

Estimated read time 1 min read

കൊല്ലം: യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഒടുവിൽ കണ്ടെത്തിയത് വൻ കള്ളനോട്ടടി കേന്ദ്രം. സംഭവത്തിൽ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയായ സിബിയോണിനെ (37) പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജനോട്ട് അച്ചടിക്കുന്നതിനായുള്ള പ്രിന്റർ, നോട്ടെണ്ണൽ യന്ത്രം, അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ നിർമ്മിക്കാൻ പാകത്തിൽ മുറിച്ചുവെച്ച കടലാസ് കെട്ടുകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

പിടിച്ചെടുത്ത കടലാസുകളുടെ വശങ്ങളിൽ 500 രൂപയുടെ കറൻസിക്ക് സമാനമായ ഡിസൈനുകൾ മുൻകൂട്ടി അച്ചടിച്ച നിലയിലായിരുന്നു. ഈ കടലാസുകൾ ഉപയോഗിച്ച് പൂർണ്ണരൂപത്തിൽ അച്ചടിച്ചിരുന്നെങ്കിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ വ്യാജ കറൻസി നിർമ്മിക്കാൻ പ്രതിക്ക് സാധിക്കുമായിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിന് പുറമെ വീട്ടിൽ നിന്ന് 45 പവൻ സ്വർണാഭരണങ്ങൾ, 4.32 ലക്ഷം രൂപ, വിലപിടിപ്പുള്ള ആഡംബര വാച്ചുകൾ എന്നിവയും അന്വേഷണസംഘം പിടിച്ചെടുത്തു. കണ്ടെടുത്ത പണം യഥാർത്ഥമാണോ വ്യാജനാണോ എന്നറിയാൻ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:

ഈ മാസം 17-ന് ആശ്രാമം ഭാഗത്തുനിന്ന് സിബിയോണിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, സിബിയോണിനെ ഫോണിൽ വിളിച്ച് പുറത്തിറക്കിയ മയ്യനാട് സ്വദേശിയായ ആദർശിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

എന്നാൽ പിറ്റേദിവസം താൻ അക്രമി സംഘത്തിന്റെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും തട്ടിയെടുത്ത സ്കൂട്ടറും സ്വർണമോതിരവും തിരികെ ലഭിച്ചതായും പറഞ്ഞ് സിബിയോൺ നേരിട്ട് സ്റ്റേഷനിൽ ഹാജരായി. മൊഴികളിലെ വൈരുദ്ധ്യവും സിബിയോണിന്റെ പെരുമാറ്റവും പോലീസിൽ സംശയമുണർത്തി. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചും ഡാൻസാഫും (DANSAF) നടത്തിയ രഹസ്യനീക്കങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിലാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലുള്ള സിബിയോണിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

+ There are no comments

Add yours