കണ്ണൂർ: വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ശശിധരൻ കർത്തയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തനിക്കും ഭാര്യയ്ക്കുമെതിരെ അനന്തരവൻ കൂടിയായ ശ്യാംജിത്ത് ഇ.പി. ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ വ്യക്തിയാണ് ശ്യാംജിത്തെന്നും, ബന്ധുവായതുകൊണ്ട് മാത്രമാണ് ഇതിന് മുൻപ് നടപടിയെടുക്കാതിരുന്നതെന്നും ഇ.പി. ജയരാജൻ തുറന്നടിച്ചു. താൻ എല്ലാ സഹായവും നൽകി വളർത്തിക്കൊണ്ടുവന്ന ശ്യാംജിത്ത്, വൈദേകം റിസോർട്ടിന്റെ പി.ആർ.ഒ ആണെന്ന വ്യാജേന കാർഡടിച്ച് പലരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇത്തരം അസംബന്ധങ്ങൾക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതൊരു കുടുംബപ്രശ്നമല്ല, മറിച്ച് കുടുംബത്തിലെ ‘വിഷം’ ആണെന്നും വിമർശിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ശ്യാംജിത്തിനെതിരെയും അത് സംപ്രേഷണം ചെയ്ത റിപ്പോർട്ടർ ടിവിക്കെതിരെയും താനും ഭാര്യയും പ്രസ്സ് കൗൺസിലിലുൾപ്പെടെ പരാതി നൽകുമെന്നും ഇ.പി. വ്യക്തമാക്കി. തന്റെ കുടുംബം തകർക്കാനുള്ള ശ്യാംജിത്തിന്റെ ശ്രമങ്ങൾക്ക് ചാനൽ കൂട്ടുനിൽക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മാധ്യമങ്ങൾ ഇത്തരം പ്രവർത്തികൾ കാണിക്കുന്നത് ശരിയാണോ എന്നും ചോദിച്ചു.





+ There are no comments
Add yours