‘ജർമ്മൻ പൗരത്വമുള്ളയാൾ സമരത്തിൽ പങ്കെടുത്തതെങ്ങനെ?’; ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി ബിജെപി നേതാവ്

Estimated read time 1 min read

ഡൽഹി: ബെംഗളൂരു ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന എസ്ഐആർ (SIR) വിരുദ്ധ സമരത്തിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി പങ്കെടുത്തതിനെതിരെ പരാതി. ജർമ്മൻ പൗരത്വമുള്ള ഒരാൾ എങ്ങനെ ഇന്ത്യയിൽ ഇത്തരം സമരങ്ങളിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഭാസ്കർ റാവുവാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. സമരത്തിൽ പങ്കെടുക്കാൻ ധ്രുവ് റാഠി ഔദ്യോഗികമായി മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ സംവിധാനത്തിനെതിരെയുമാണ് സിജെപി ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി മാത്രമാണ് ധ്രുവ് റാഠി ഇന്ത്യയിലെത്തിയത്. വോട്ടുകൾ കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് എസ്ഐആർ നടപ്പാക്കിയതെന്ന് അദ്ദേഹം വേദിയിൽ രൂക്ഷമായി വിമർശിച്ചു. ഫ്രീഡം പാർക്കിൽ നടന്ന ‘ജനകീയ കോടതി’യിൽ ധ്രുവ് റാഠിക്ക് പുറമെ സിജെപി കൺവീനർ അഭിജിത്ത് ദീപ്കെ, നടൻ പ്രകാശ് രാജ്, ഐഷി ഘോഷ് തുടങ്ങിയവരും പങ്കെടുത്തു.

ഡൽഹിയിലെ സമരത്തിനിടെ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സിജെപി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വേറിട്ട ‘ചപ്പൽ സമരവും’ അരങ്ങേറി. സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. അതേസമയം, സിജെപിയുടെയും എസ്എഫ്ഐ (SFI), ഐസ (AISA), എഐഎസ്എഫ് (AISF), അസാപ് (ASAP) എന്നീ വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിലുള്ള സംയുക്ത പ്രതിഷേധം നാളെ ഡൽഹിയിൽ നടക്കും.

+ There are no comments

Add yours