കാട്ടാക്കടയിൽ മൂന്നുവയസുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; പരാതിയുമായി യുവതിയുടെ അമ്മ

Estimated read time 0 min read

തിരുവനന്തപുരം: കാട്ടാക്കടയിൽ മൂന്നുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ലെന്ന് പരാതി. പൂവച്ചൽ വീരണകാവ് നവജ്യോതിയിൽ ശങ്കർ (34), ഭാര്യ ആതിര (27), മകൾ ധോനി (3) എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചമുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ആതിരയുടെ അമ്മ ഷൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളനാട് ക്ഷേത്രത്തിലെ സോപാനം കലാകാരനാണ് ശങ്കർ. വീരണകാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിന് സമീപമാണ് ഇവർ താമസിക്കുന്നത്. ബാങ്ക് വായ്പ കുടിശ്ശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ ശങ്കറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബത്തെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

വിവരമറിഞ്ഞ് ശങ്കറിന്റെ അമ്മയും വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇവരുടെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. യാതൊരു വിവരവും ലഭിക്കാതായതോടെയാണ് കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചത്.

+ There are no comments

Add yours