കൈക്കൂലിയും ഭൂമി തട്ടിപ്പും: തൃക്കണ്ണാപുരം വാർഡ് കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Estimated read time 1 min read

തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരെയുയർന്ന കൈക്കൂലിയും അനധികൃത ഭൂമി വിൽപ്പനയും സംബന്ധിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും സ്വകാര്യ വ്യക്തികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

തൃക്കണ്ണാപുരം വാർഡിൽ സ്ഥലം വാങ്ങിയ വ്യക്തിയോട് പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമാണ് സി.പി.എം കൗൺസിലറായ അജിനെതിരെ ആദ്യം ഉയർന്നത്. ഇതിന്റെ ശബ്ദരേഖയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ, കോർപ്പറേഷന് അനുകൂലമായി കോടതിവിധിയുണ്ടായ 14 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി മറിച്ചുവിറ്റുവെന്ന ഗുരുതര ആരോപണവും കൗൺസിലർക്കെതിരെ ഉയർന്നു.

വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കെ.എസ്. ശബരീനാഥൻ ആഭ്യന്തര വകുപ്പിന് പരാതി നൽകുകയായിരുന്നു. എന്നാൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും കൃത്രിമമായി (AI) നിർമ്മിച്ചതാണെന്നുമാണ് കൗൺസിലർ അജിന്റെ വിശദീകരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് വിജിലൻസ് സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

+ There are no comments

Add yours