തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്രമായ ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു മുൻകരുതൽ നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രോഗം ബാധിച്ച ശേഷമുള്ള ചികിത്സയ്ക്ക് പകരം, രോഗ പ്രതിരോധത്തിന് മുൻഗണന നൽകുന്ന സമീപനമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് തന്നെ മാതൃകയാകുന്ന പൊതുജനാരോഗ്യ മാതൃകയാണ് ഇതിലൂടെ കേരളം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്’ എന്ന പേരിൽ രൂപീകരിച്ച സമിതിയുടെ ചെയർമാൻ മുഖ്യമന്ത്രി വി.ഡി. സതീശനും വൈസ് ചെയർമാൻ ആരോഗ്യമന്ത്രി കെ. മുരളീധരനുമാണ്. ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ദ്ധരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി തടയുന്നതിനും വയോജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമായി രാജ്യത്ത് ആദ്യമായാണ് ഇത്രയും വിപുലമായ പദ്ധതി ആവിഷ്കരിക്കുന്നത്.
സംസ്ഥാനത്തെ രോഗാവസ്ഥകൾ, ജനസംഖ്യാപരമായ മാറ്റങ്ങൾ, നിലവിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ എന്നിവ പഠിച്ച ശേഷമായിരിക്കും സമിതി ശുപാർശകൾ സമർപ്പിക്കുക. പ്രതിരോധ മാർഗ്ഗരേഖകൾക്ക് പുറമെ, ആധുനിക അലോപ്പതിക്കൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളെ സമന്വയിപ്പിക്കാനുള്ള സാധ്യതകളും സമിതി പരിശോധിക്കും. ഇതിന്റെ ഭാഗമായി വ്യക്തിഗത ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഏകോപിപ്പിക്കാൻ ഏകീകൃത ഡിജിറ്റൽ സംവിധാനവും ഏർപ്പെടുത്തും. ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് ടാസ്ക് ഫോഴ്സിന് നൽകിയിരിക്കുന്ന നിർദ്ദേശം.




+ There are no comments
Add yours