‘സുരേഷ് ഗോപിയെ വിശ്വസിക്കരുത്, താടി വെച്ചാൽ മറവി വരുമോ?’; എയിംസ് വിഷയത്തിൽ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

Estimated read time 1 min read

തൃശൂർ: കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ അംഗീകരിക്കാനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാനും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന് പൂർണ്ണമായും അവകാശപ്പെട്ട ഒന്നാണ് എയിംസ് (AIIMS). എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ എയിംസ് കൊണ്ടുവരുമെന്ന് വലിയ രീതിയിൽ പ്രചാരണം നടത്തിയത് ഇപ്പോൾ മറന്ന മട്ടാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

“സുരേഷ് ഗോപിയെ വിശ്വസിക്കരുത്. തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം ഇപ്പോൾ വിഴുങ്ങുകയാണ്. പഴയ പ്രസ്താവനകൾ എടുത്തുപരിശോധിച്ചാൽ ഇത് വ്യക്തമാകും. താടി വെച്ചാൽ മറവി വരുമോ? താടി വെച്ചാൽ മറവി വരുമെന്നത് പുതിയൊരു അറിവാണ്,” ബിനോയ് വിശ്വം പരിഹസിച്ചു. എയിംസ് വരുമെന്ന് മുൻപ് പ്രചാരണം നടത്തിയ സുരേഷ് ഗോപിയും കേന്ദ്ര സർക്കാരും പറഞ്ഞ വാക്കിന് വിലയില്ലാത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ താൻ എയിംസ് വരുമെന്ന് പ്രചരിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് താടിയില്ലായിരുന്നുവെന്നും ക്ലീൻ ഷേവ് ആയിട്ടാണ് പ്രചാരണം നടത്തിയതെന്നും പറഞ്ഞ സുരേഷ് ഗോപി, മുൻപ് താടി വെച്ചിരുന്ന സമയത്ത് നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. എങ്കിലും കേരളത്തിൽ എയിംസ് യാഥാർത്ഥ്യമായില്ലെങ്കിൽ താൻ ഇനി വോട്ട് ചോദിച്ച് ജനങ്ങൾക്ക് മുന്നിലേക്ക് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

+ There are no comments

Add yours