കണ്ണൂർ: സി.വി. ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദവും പ്രകോപനപരവുമായ പ്രസംഗവുമായി മുൻ എം.എൽ.എ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ നടന്ന ഡി.വൈ.എഫ്.ഐ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും, ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്നും മധുസൂദനൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും മധുസൂദനൻ രൂക്ഷവിമർശനമുന്നയിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നും, തണുപ്പത്തിരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ടി.സി.വി. നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണ്. ജുഡീഷ്യറി ഭരണകൂട താൽപര്യമാണ് നടപ്പാക്കുന്നതെന്നും, ശിക്ഷയിലൂടെ ഇടതുപക്ഷ പോരാട്ടവീര്യത്തെ ഇല്ലാതാക്കാനും ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് അവസാനത്തെ കോടതിയല്ലെന്നും പോരാട്ടം തുടരുമെന്നും മധുസൂദനൻ വ്യക്തമാക്കി.
പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തെയും പ്രസംഗത്തിൽ അദ്ദേഹം ന്യായീകരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ബോംബേറിൽ പോലീസ് വാഹനത്തിന് പോറൽ പോലും പറ്റിയില്ലെന്നും ആരുടെയും രക്തം പൊടിഞ്ഞില്ലെന്നും പറഞ്ഞ അദ്ദേഹം, ജീപ്പിന്റെ പെയിന്റ് മാത്രം പോയതിനാണ് നിഷാദിനെയും ടി.സി.വി. നന്ദകുമാറിനെയും ജയിലിലടച്ചതെന്നും കുറ്റപ്പെടുത്തി.
വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയ്ക്കെതിരെയും മധുസൂദനൻ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചു. വി. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ നപുംസകമാണെന്നും, ഇടതുപക്ഷത്തെ വിറ്റ് എം.എൽ.എ ആകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്തയാൾ ഇന്ന് വലിയ ആളായി നിൽക്കുകയാണെന്നും മധുസൂദനൻ പരിഹസിച്ചു.




+ There are no comments
Add yours