കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിൽ നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നതെന്നും കേരളം ആരോഗ്യമേഖലയിൽ മികച്ചുനിൽക്കുന്ന സംസ്ഥാനമാണെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് തിരിച്ചടിയും അയോഗ്യതയുമാണോ എന്ന് കോടതി ചോദിച്ചു.
കാസർഗോഡ് എയിംസ് ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹർജി നേരത്തെ പരിഗണിച്ച വേളയിൽ വിഷയത്തിൽ വ്യക്തമായ നിലപാടറിയിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജനസാന്ദ്രത ഏറെയുള്ള കേരളത്തിന് എയിംസ് തികച്ചും അർഹതപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ എല്ലാവർക്കും ചെലവേറിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയില്ലെന്നും, അതിനാൽ കേരളത്തിൽ എയിംസ് തികച്ചും അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യരംഗത്തെ പുരോഗതിയുടെ പേരിൽ സംസ്ഥാനത്തെ ഒഴിവാക്കുന്നതിലെ യുക്തി ചോദ്യം ചെയ്ത കോടതി, രാജ്യതലസ്ഥാനമായ ഡൽഹിയിൽ എയിംസ് അനുവദിച്ച മാതൃകയും പരാമർശിച്ചു.




+ There are no comments
Add yours