പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസ് വിചാരണഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബലാത്സംഗ കേസുകളിൽ വിചാരണ നടത്താനുള്ള അധികാരം ജില്ലാ സെഷൻസ് കോടതികൾക്കാണ്.
നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച കുറ്റപത്രത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കേസ് സെഷൻസ് കോടതിക്ക് കൈമാറിയത്. കഴിഞ്ഞ മാസം 30-ന് രാഹുൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. വിചാരണ എവിടെ നടത്തണമെന്ന കാര്യത്തിൽ ഇനി ജില്ലാ സെഷൻസ് കോടതി തീരുമാനമെടുക്കും.
വിദേശത്ത് താമസിക്കുന്ന 31-കാരിയായ മലയാളി യുവതിയുടെ പരാതിയിൽ എടുത്ത കേസിൽ 2026 മേയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്ന് രഹസ്യ നീക്കത്തിലൂടെയാണ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നു. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച രാഹുൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് വാദിക്കുന്നത്.




+ There are no comments
Add yours