ദുബായ്: കോക്പിറ്റിലുണ്ടായ ഭീകരാക്രമണ ശ്രമത്തിനിടെ വിമാനം സമയോചിതമായി അടിയന്തര ലാൻഡിങ് നടത്തി ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. സ്മിത്ത് മച്ചാർ ചികിത്സയിൽ കഴിയുന്ന ആശുപത്രി നേരിട്ടെത്തിയാണ് അദ്ദേഹം സൗഹൃദം പങ്കുവെച്ചതും പിന്തുണ അറിയിച്ചതും. സ്മിത്ത് തങ്ങളുടെ ടീമിലെ അംഗമായതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ വിദഗ്ദ്ധ നിരീക്ഷണത്തിലാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
സ്മിത്ത് മച്ചാറിന് നേരെ സഹപൈലറ്റിൽ നിന്നുണ്ടായത് ആസൂത്രിതമായ ഭീകരാക്രമണ നീക്കമായിരുന്നുവെന്ന് യു.എ.ഇ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ പൈലറ്റാകാൻ എങ്ങനെ അനുമതി ലഭിച്ചു എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിൽ സൗദി അറേബ്യയിൽ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിൽ ഇസ്രായേലി സുരക്ഷാ ഏജൻസികളായ ഷിൻ ബെറ്റും മൊസാദും പങ്കാളികളാകുന്നുണ്ട്. 2025 ഫെബ്രുവരിയിൽ ഒമാൻ എയറിൽ നിന്നും റോയൽ എയർ മാറോക്കിൽ നിന്നും മാറിയ ശേഷമാണ് എട്ട് മാസം മുൻപ് ഇയാൾ ഫ്ലൈ ദുബായിൽ ചേർന്നത്.
ആക്രമണം നടന്ന് മണിക്കൂറുകൾക്കകം പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്നതായിരുന്നു. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ച വീഡിയോയും അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി അടക്കമുള്ളവരുടെ ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. തീവ്ര മതചിന്താഗതിയും സ്ത്രീവിരുദ്ധ നിലപാടുകളും വെച്ചുപുലർത്തിയിരുന്ന ഇയാളുടെ അക്കൗണ്ടുകൾ പിന്നീട് നീക്കം ചെയ്തു.




+ There are no comments
Add yours