കണ്ണൂർ: കണ്ണൂരിൽ നടത്തിയ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗവർണർക്ക് പരാതി നൽകാൻ സി.പി.ഐ.എം നീക്കം. മുൻ എം.എൽ.എ ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തിനെതിരെയുള്ള നടപടികളെ പ്രതിരോധിക്കുകയാണ് ഇതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
നവംബർ 20-ന് കണ്ണൂരിൽ നടന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പരാതി നൽകുന്നത്. തങ്ങൾ ഒന്നും മറക്കില്ലെന്നും യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. “ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത, മർദ്ദനമേറ്റുവാങ്ങിയ, ചോരപ്പുഴകൾ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും പറയുന്നു; നിങ്ങളുടെ ചോരയിൽ നിന്ന് കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും, പഴയതുപോലെയല്ല” എന്നായിരുന്നു വി.ഡി. സതീശന്റെ വാക്കുകൾ.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയും പോലീസിൽ പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൈമാറിയത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.




+ There are no comments
Add yours