തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് തിരിച്ചടി; ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു, രാജി പദവികൾ ലഭിക്കാത്തതിലെ അതൃപ്തിയെത്തുടർന്നെന്ന് സൂചന

Estimated read time 0 min read

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിയുന്നതെന്നാണ് രാജി സംബന്ധിച്ച് അവർ നൽകുന്ന ഔദ്യോഗിക വിശദീകരണം.

എന്നാൽ, നൽകിയ വാഗ്ദാനങ്ങൾ പാർട്ടി നേതൃത്വം പാലിക്കാത്തതിലുള്ള കടുത്ത പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ശേഷം അവരെ തഴഞ്ഞിരുന്നു. ഇതിനുപുറമെ, ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും, ആ സ്ഥാനത്തേക്ക് നിവേദിത സുബ്രഹ്മണ്യത്തെ പാർട്ടി നിയമിച്ചതാണ് ഒടുവിൽ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞ കുറച്ചുമാസങ്ങളായി വാർഡിൽ കൗൺസിലറുടെ കാര്യക്ഷമമായ ഇടപെടലുകളുണ്ടായിരുന്നില്ലെന്നും, പല ആവശ്യങ്ങൾക്കും ജനങ്ങൾ തൊട്ടടുത്ത വാർഡായ കവടിയാറിലെ കൗൺസിലറെയാണ് സമീപിച്ചിരുന്നതെന്നും കോൺഗ്രസ് കൗൺസിലറായ കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസത്തിനേറ്റ മങ്ങലാണിതെന്നും, തിരുവനന്തപുരം ബി.ജെ.പിയിലെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളാണ് ഈ രാജിയിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കകത്തെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശബരീനാഥൻ വ്യക്തമാക്കി.

+ There are no comments

Add yours