കരുവന്നൂർ കള്ളപ്പണ കേസ്: ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളുടെ വിടുതൽ ഹർജി; ശക്തമായി എതിർക്കാൻ ഇ.ഡി

Estimated read time 1 min read

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ കോടതിയിൽ വിടുതൽ ഹർജി നൽകി. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ 64-ാം പ്രതിയായ സി.പി.എമ്മിന് വേണ്ടി പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയാണ് ഹർജി നൽകിയത്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് 83 പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കലൂരിലെ പി.എം.എൽ.എ (PMLA) കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം നേതാക്കളായ എ.സി. മൊയ്തീൻ, എം.എം. വർഗീസ്, പി.ആർ. അരവിന്ദാക്ഷൻ (കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ) തുടങ്ങിയവർ കേസിൽ ജാമ്യമെടുത്തിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, സി.പി.എം നേതാക്കളുടെ വിടുതൽ ഹർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായി എതിർക്കും. ഇതിനായി ഇ.ഡി ഉടൻ തന്നെ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കും. ബാങ്കിൽ നടന്ന തട്ടിപ്പിലൂടെ ലഭിച്ച പണം പാർട്ടി ഓഫീസ് നിർമ്മിക്കാൻ ഉപയോഗിച്ചുവെന്നും, കമ്മീഷൻ ഇനത്തിൽ നേതാക്കൾക്ക് പണം ലഭിച്ചെന്നുമാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. 2012-13 കാലഘട്ടത്തിൽ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടന്നുവെന്നാണ് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കുന്നത്.

+ There are no comments

Add yours