ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകുന്നതിൽ മന്ത്രിസഭയിലും ഭിന്നത; തീരുമാനത്തെ എതിർത്ത് മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും

Estimated read time 0 min read

തിരുവനന്തപുരം: ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് പദവി നൽകാനുള്ള തീരുമാനത്തിൽ മന്ത്രിസഭയിലും കടുത്ത ഭിന്നത. മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും പുതിയ കാബിനറ്റ് പദവി നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കവേയാണ് മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും എതിർപ്പ് ഉന്നയിച്ചത്.

പദവി നൽകുന്നതിലല്ല, മറിച്ച് ഈ വിഷയം പാർട്ടിയിൽ വേണ്ടത്ര ചർച്ച ചെയ്തിട്ടില്ലെന്നതിലാണ് എ.പി. അനിൽകുമാർ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം, മുതിർന്ന നേതാവായ പി.ജെ. ജോസഫിനെ പരിഗണിക്കാത്തതിലെ അതൃപ്തിയാണ് മോൻസ് ജോസഫ് അറിയിച്ചത്. എന്നാൽ, ഇക്കാര്യം നേരത്തെ തന്നെ ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും നിർദ്ദേശം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കർശന നിലപാടെടുത്തു. ഇതോടെയാണ് യോഗം തീരുമാനത്തിന് അംഗീകാരം നൽകിയത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പ്രവർത്തന ശൈലിക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് പരസ്യവിമർശനം ഉന്നയിച്ചു. സർക്കാരിന്റെ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെ മാത്രമാണ് താൻ അറിയുന്നതെന്നും, ഇക്കാര്യത്തിൽ ഹൈക്കമാൻഡിനെ നേരിട്ട് പരാതി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ പ്രകാശിനെ പിന്തുണച്ച് ജെ.ബി. മേത്തർ എം.പിയും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും വരാനിരിക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും ജെ.ബി. മേത്തർ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.

+ There are no comments

Add yours