വയനാട്: റിപ്പോർട്ടർ ടി.വി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപ്പറ്റ കോടതിയെ സമീപിച്ചു. കേസിൽ എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ഇവർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകാൻ സുൽത്താൻ ബത്തേരി കോളിയാടിയിലുള്ള ഇവരുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ലില്ലി ജോസിനെ കണ്ടെത്താനായിരുന്നില്ല.
കേസിനാസ്പദമായ മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അന്വേഷണസംഘവും പ്രതികളും തമ്മിൽ തർക്കം തുടരുകയാണ്. വീട് ഭാര്യാമാതാവ് ലില്ലി ജോസിന്റേതാണെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. ബാങ്ക് ജപ്തി ചെയ്ത ഈ വീട് പിന്നീട് ലേലത്തിൽ ലില്ലി ജോസ് വാങ്ങിയതാണെന്നും, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും കാണിച്ച് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ വീട് ആന്റോയുടേത് തന്നെയാണെന്ന ഉറച്ച നിലപാടിലാണ് എക്സൈസ്.
വാഴവറ്റയിലെ ഈ വീട് നിർമ്മിച്ചിരിക്കുന്നത് ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണെന്നും എക്സൈസ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടന്ന റെയ്ഡിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ അനധികൃത മദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.




+ There are no comments
Add yours