ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: കോ-പൈലറ്റിന് തീവ്രവാദ ബന്ധം; ഒമാൻ വിലക്കിയിട്ടും ജോലി നൽകി കമ്പനി, വിമാനം തകർക്കാൻ ലക്ഷ്യമിട്ടെന്ന് നെതന്യാഹു

Estimated read time 1 min read

ദുബായ്: ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്തൽ. തീവ്ര ഇസ്ലാമിക ചിന്താഗതികളുടെ പേരിൽ ഒമാൻ നേരത്തെ ഇയാൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ ഭീഷണിയുള്ള ഈ പശ്ചാത്തലം നിലനിൽക്കെയാണ് ഫ്ളൈ ദുബായ് ഇയാളെ സർവീസിലെടുത്തതെന്ന ഗുരുതരമായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

യു.എ.ഇയിൽ ജനിച്ച ഒമാൻ സ്വദേശി ഹമാം അൽ ഹമാമിയാണ് കേസിലെ പ്രതി. യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടിയ ഇയാൾ ഏഴ് വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു. എന്നാൽ തീവ്രവാദ നിലപാടുകളെത്തുടർന്ന് പൈലറ്റ് പരിശീലനത്തിൽ നിന്ന് മാറ്റുകയും മറ്റ് ചുമതലകൾ നൽകുകയും ചെയ്തു. തുടർന്ന് 2025 ഫെബ്രുവരിയിൽ ഒമാൻ എയർ വിട്ട ഇയാൾ, റോയൽ എയർ മാറോക്കിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് എട്ട് മാസം മുൻപ് ഫ്ളൈ ദുബായിൽ ചേർന്നത്.

ആക്രമണം നടന്ന് ഒൻപത് മണിക്കൂറുകൾക്ക് ശേഷം പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ ഇയാളുടെ തീവ്രവാദ ബന്ധം ശരിവെക്കുന്നതാണ്. അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരിയുടെയും സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീലിന്റെയും ചിത്രങ്ങൾക്കൊപ്പം ഇസ്രയേലി വിമാനങ്ങളുടെ ദൃശ്യങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. മരണം ഭയക്കുന്നില്ലെന്ന കവിതയോടൊപ്പം മക്ക, മദീന, ജറുസലേം എന്നിവയെ ബന്ധിപ്പിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഇയാളുടെ പഴയ എക്സ് (X) അക്കൗണ്ടിലും സമാനമായ തീവ്ര മത-സ്ത്രീവിരുദ്ധ പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിവാദമായതോടെ ഈ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടു.

ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ കോ-പൈലറ്റായി എങ്ങനെ ഡ്യൂട്ടി ലഭിച്ചു എന്നതിൽ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ ഭീകരവാദ ബന്ധവും മുൻകൂട്ടിയുള്ള ഗൂഢാലോചനയും പരിശോധിക്കാൻ യു.എ.ഇ അറ്റോർണി ജനറൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. പ്രതിയെ സൗദി അറേബ്യയിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളായ മൊസാദും ഷിൻ ബെറ്റും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരെ ഒന്നടങ്കം കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

+ There are no comments

Add yours