ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: പ്രതിപക്ഷ പ്രതിഷേധം ശക്തം; ഇന്ത്യാ സഖ്യത്തിന്റെ കളക്ടറേറ്റ് മാർച്ചുകൾ ഇന്നും തുടരും

Estimated read time 1 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന ആവശ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇതിന്റെ ഭാഗമായി ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ വിവിധ കളക്ടറേറ്റുകളിലേക്ക് നടത്തുന്ന ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ ഇന്നും തുടരും. ഇതിനുപുറമെ, വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി ജന്തർ മന്തറിലേക്ക് ഇന്ന് വീണ്ടും മാർച്ച് സംഘടിപ്പിക്കുമെന്ന് ഐസ (AISA) പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പ്രതിഷേധത്തിലെ വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് സമരം രാജ്യവ്യാപകമാക്കാനാണ് സി.ജെ.പി (CJP) യുടെ തീരുമാനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ തുടർപ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിലും സി.ജെ.പി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയടക്കമുള്ളവരെ നേരിട്ട് കടന്നാക്രമിക്കാനാണ് സി.ജെ.പിയുടെ നീക്കം. പോലീസ് തങ്ങളെ എവിടെ തടയുന്നുവോ അവിടം ജന്തർ മന്തറാക്കി മാറ്റുമെന്ന് നേതാവ് അഭിജിത്ത് ദീപ്കെ മുന്നറിയിപ്പ് നൽകി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ജനങ്ങൾ പ്രക്ഷോഭത്തിൽ അണിനിരക്കണമെന്നും, സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 20-ന് ഉണ്ടായതുപോലുള്ള പോലീസ് അതിക്രമങ്ങൾ ആവർത്തിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ സമരത്തിന് നേരെ പോലീസ് നടപടിയുണ്ടായി. സി.പി.ഐ.എം നേതാവ് എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ എം.പി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി തുടങ്ങി നിരവധി നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വരും ദിവസങ്ങളിലും ഡൽഹി പ്രതിഷേധങ്ങൾക്ക് വേദിയാകുമെന്നാണ് സൂചന.

+ There are no comments

Add yours