ചെക്കുകൾ മോഷ്ടിച്ചതല്ല, സെറ്റിൽമെന്റിന്റെ ഭാഗമായി നൽകിയത്; രാധ എനിക്ക് 97 കോടി തരാനുണ്ട്’: സഹോദരിയുടെ ആരോപണങ്ങൾ തള്ളി നടി അംബിക

Estimated read time 0 min read

ചെന്നൈ: തനിക്കെതിരെ സഹോദരിയും നടിയുമായ രാധ നൽകിയ പരാതി പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നടി അംബിക രംഗത്ത്. താൻ പണമോ ചെക്കുകളോ മോഷ്ടിച്ചിട്ടില്ലെന്നും, മോഷ്ടിച്ചുവെന്ന് രാധ ആരോപിക്കുന്ന ചെക്കുകൾ സാമ്പത്തിക സെറ്റിൽമെന്റിന്റെ ഭാഗമായി അവർ തന്നെ നൽകിയതാണെന്നും അംബിക വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. രാധ തനിക്ക് 97 കോടി രൂപ നൽകാനുണ്ടെന്നും വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അംബിക വ്യക്തമാക്കി.

കോടികളുടെ സാമ്പത്തിക തർക്കം:

എ.ആർ.എസ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകൾ അംബിക മോഷ്ടിച്ചെന്നും, ഇതുവഴി 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമായിരുന്നു രാധ പോലീസിൽ നൽകിയ പരാതി. എന്നാൽ ഈ ആരോപണങ്ങൾ അംബിക നിഷേധിച്ചു. എ.ആർ.എസ് സ്റ്റുഡിയോയിലെ തന്റെ ഷെയറും സ്വന്തം സ്വർണ്ണാഭരണങ്ങളുടെ വിലയും ഉൾപ്പെടെ 97 കോടി രൂപ രാധ തനിക്ക് നൽകാനുണ്ടെന്നാണ് അംബികയുടെ വെളിപ്പെടുത്തൽ. ഈ തുകയുടെ സെറ്റിൽമെന്റായാണ് മുൻപ് അഞ്ച് ചെക്കുകൾ നൽകിയത്. രാധയുടെ മാനേജർ തന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ഇവ കൈമാറിയത്. എന്നാൽ താൻ ഈ ചെക്കുകൾ ബാങ്കിൽ നൽകിയതിന് പിന്നാലെ രാധ അത് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്ന് അംബിക ആരോപിച്ചു.

നിയമനടപടിയുമായി അംബിക:

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടാക്കിയ അഫിഡവിറ്റ് (സത്യവാങ്മൂലം) തന്റെ പക്കലുണ്ടെന്ന് അംബിക വ്യക്തമാക്കി. പണം നൽകാതെ തന്നെ വഞ്ചിച്ചതിനും, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിനും, ബാങ്ക് ചെക്ക് മടങ്ങിയതിനും രാധയ്‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അംബിക കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന താരസഹോദരിമാർക്കിടയിലുള്ള ഈ പരസ്യമായ സ്വത്ത് തർക്കം സിനിമാലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്.

+ There are no comments

Add yours