തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിൻമേൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിഷയം ഡി.ജി.പിയുടെ അന്വേഷണത്തിന് വിടാൻ തീരുമാനിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് സർക്കാരിന്റെ കർശന നിർദ്ദേശം.
ഇന്ന് ഉച്ചയോടെ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാകും എസ്.ഐ.ടി പ്രവർത്തിക്കുകയെന്നാണ് സൂചന. മുൻ അന്വേഷണ സംഘങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാകും ടീം രൂപീകരിക്കുക. കേസിന്റെ അന്വേഷണം ഏത് രീതിയിലാകണം എന്നതിൽ സംസ്ഥാന പൊലീസ് മേധാവിയാകും അന്തിമ തീരുമാനമെടുക്കുക.
അന്വേഷണ വഴി:
ഇ.ഡി കത്തിൽ പരാമർശിച്ചിട്ടുള്ള ഹവാല, കൈക്കൂലി ആരോപണങ്ങളിലാകും എസ്.ഐ.ടി ആദ്യഘട്ടത്തിൽ വിശദമായ പരിശോധന നടത്തുക. ഇതിനായി ഇ.ഡി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കും. പ്രാഥമിക തെളിവുകൾ ശേഖരിച്ചതിന് ശേഷം മാത്രമേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കൂ. അന്വേഷണത്തിനൊടുവിൽ വിശദമായ ഒരു വിജിലൻസ് അന്വേഷണത്തിന് ഡി.ജി.പി ശുപാർശ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് ലഭിച്ചാൽ മാത്രമേ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ അന്വേഷണ സംഘത്തിന് സാധിക്കൂ.
വെല്ലുവിളിയായി മൊഴിമാറ്റം:
സി.എം.ആർ.എൽ അധികൃതർ തങ്ങളുടെ മൊഴി പിൻവലിച്ചത് എസ്.ഐ.ടിയുടെ പുതിയ അന്വേഷണത്തിന് വലിയ വെല്ലുവിളിയാകും. ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് കാണിച്ച് സി.എം.ആർ.എൽ ഉന്നതർ ഇ.ഡി ഡയറക്ടർക്ക് തന്നെ സത്യവാങ്മൂലം നൽകിയിരുന്നു.
മകൾ വീണ ടി. വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പി. സുരേഷ് കുമാറിന്റെ മൊഴിയും, പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്ന ശശിധരൻ കർത്തയുടെ മൊഴിയുമാണ് ഇതിൽ പ്രധാനം. ഇതിനുപുറമെ, പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം 1.2 കോടി രൂപ ഹവാല ഏജന്റായ സുബേർ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ഹസൻ വാരിസിന്റെ മൊഴിയും പിൻവലിച്ചിട്ടുണ്ട്. ഈ സുപ്രധാന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് തുടർനടപടിക്കായി റിപ്പോർട്ട് നൽകിയിരുന്നത്.


+ There are no comments
Add yours