മൊബൈൽ ഉപഭോക്താക്കൾക്ക് സാമ്പത്തിക ആശ്വാസമേകുന്ന പുതിയ തീരുമാനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്തവർക്കായി കോളിങ്ങിനും എസ്.എം.എസിനും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകി. ഇതോടെ അനാവശ്യമായി ഡാറ്റാ പായ്ക്കുകൾക്കായി അധിക തുക ചിലവാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. ഇത്തരം വോയ്‌സ്-എസ്.എം.എസ് പ്ലാനുകൾ വരുന്നതോടെ മൊബൈൽ റീചാർജ് നിരക്കിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രായിയുടെ പ്രധാന നിർദേശങ്ങൾ:
- 30 ദിവസത്തിൽ താഴെ കാലാവധിയുള്ള ഹ്രസ്വകാല പ്ലാനുകൾ (Short-term plans) കമ്പനികൾ നിർബന്ധമായും ലഭ്യമാക്കണം.
- പ്രതിമാസം പുതുക്കാവുന്ന പ്ലാനുകളേക്കാൾ കൂടുതൽ കാലാവധിയുള്ള ഒരു സ്പെഷ്യൽ താരിഫ് വൗച്ചർ (STV) എങ്കിലും ഉപഭോക്താക്കൾക്കായി നൽകണം.
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) ചട്ടങ്ങൾ പുറത്തിറക്കിയാണ് ട്രായ് ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
ഇടപെടലിന് കാരണം:
രാജ്യത്ത് ഇപ്പോഴും 15 കോടിയോളം മൊബൈൽ വരിക്കാർ 2ജി കണക്ഷനാണ് ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാറില്ലെന്ന് ട്രായ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, നിലവിൽ കമ്പനികൾ നൽകുന്ന പ്ലാനുകളിൽ നിർബന്ധിതമായി ഡാറ്റ കൂടി ഉൾപ്പെടുത്തി ഉയർന്ന ചാർജാണ് ഈടാക്കുന്നത്. ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഫീച്ചർ ഫോൺ ഉപഭോക്താക്കളെയും കുറഞ്ഞ വരുമാനക്കാരെയും ഇത് സാരമായി ബാധിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് ട്രായിയുടെ ഈ സുപ്രധാന നീക്കം.


+ There are no comments
Add yours