സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഇറാൻ. മധ്യസ്ഥർ മുഖേനയാണ് ഇറാൻ അമേരിക്കയെ ഇക്കാര്യം അറിയിച്ചത്. വർഷങ്ങളായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി പുതിയ ചർച്ചകൾ ആവശ്യമാണെന്നും, വരാനിരിക്കുന്ന യു.എൻ ജനറൽ അസംബ്ലി അമേരിക്കയ്ക്ക് മുന്നിലുള്ള സുവർണാവസരമാണെന്നും ഇറാൻ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിൽ ഇറാനുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്ക തയ്യാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. എന്നാൽ, ഹൂതികളുമായുള്ള പോരാട്ടം ഏറെ അപകടകരമാണെന്നും, സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ പ്രതിരോധ കരാറുകളും സുരക്ഷാ ബാധ്യതകളും വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയാൽ മാത്രം ചർച്ചയാകാമെന്നാണ് യു.എന്നിലെ അമേരിക്കൻ പ്രതിനിധി മൈക്ക് വാൾട്‌സ് പ്രതികരിച്ചത്.
അതിനിടെ, യെമനിലെ ഹൂതി വിമതർക്ക് നൽകുന്ന സൈനിക സഹായം ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി-7 (G7) രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. ഹോർമുസിൽ രണ്ടാമതൊരു എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റതായി യു.കെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇറാനെതിരെയുള്ള ഉപരോധം കൂടുതൽ കടുപ്പിക്കുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ ഇറാനിയൻ വിമാനക്കമ്പനികളെ അന്താരാഷ്ട്ര യാത്രാ സർവീസുകളിൽ നിന്ന് പൂർണ്ണമായി വിലക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.


+ There are no comments
Add yours